ശ്രീനിവാസന്‍ അന്തരിച്ചു
കൊച്ചി: നടന്‍ ശ്രീനിവാസന്‍ (69) അന്തരിച്ചു. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ ശ്രീനിവാസന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും.
മലയാള സിനിമയിലെ അദ്വിതീയനായ പ്രതിഭയാണ് ശ്രീനിവാസന്‍. 48 വര്‍ഷമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം നീണ്ടുനിന്നത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരന്റെ ജീവിതത്തെ നര്‍മ്മത്തില്‍ ചാലിച്ച് വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ വിജയിച്ച കലാകാരനാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു.
1977-ല്‍ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേല്‍പ്പ്’, ‘സന്ദേശം’ തുടങ്ങിയ സിനിമകള്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ചവയാണ്.
ഒരു സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു. ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങിയ ചിത്രങ്ങള്‍ മനുഷ്യസഹജമായ ബലഹീനതകളെയും കുടുംബബന്ധങ്ങളെയും ഗൗരവത്തോടെയും നര്‍മ്മത്തോടെയും നോക്കിക്കണ്ടവയാണ്. ഈ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്), ധ്യാന്‍ ശ്രീനിവാസന്‍ (അഭിനേതാവ്).
മലയാള സിനിമയില്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയൊരു ലോകം തുറന്നുനല്‍കിയ പ്രതിഭയാണ് ശ്രീനിവാസന്‍. പച്ചയായ ജീവിതസാഹചര്യങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച അദ്ദേഹം, മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും സമ്മാനിച്ചു. മലയാളികളുടെ സ്വീകരണമുറികളില്‍ ഇന്നും പൊട്ടിച്ചിരികള്‍ പടര്‍ത്തുന്ന ശ്രീനിവാസന്റെ സംഭാഷണങ്ങള്‍ സിനിമയുള്ള കാലത്തോളം നിലനില്‍ക്കും.






