ഭീകരവാദത്തിനെതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

ചെന്നൈ: മോശം അയല്‍ക്കാരില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അവകാശം ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഒരു വശത്ത് ഭീകരവാദം പടര്‍ത്തുകയും മറുവശത്ത് ജലം പങ്കിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ അദ്ദേഹം വ്യക്തമാക്കി.

ഐഐടി മദ്രാസില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് അടിവരയിടുന്നതായിരുന്നു ജയശങ്കറിന്റെ വാക്കുകള്‍.

വരും വര്‍ഷങ്ങളിലും ഇന്ത്യ ഇതേ വിദേശനയം തന്നെയാകും പിന്തുടരുക എന്ന വ്യക്തമായ സൂചനയും വിദേശകാര്യ നല്‍കി. അതേസമയം, നല്ല അയല്‍ക്കാര്‍ക്ക് ഇന്ത്യ എന്നും താങ്ങായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ വാക്‌സിന്‍ വിതരണം, യുക്രൈന്‍ യുദ്ധവേളയിലെ ഇന്ധന-ഭക്ഷണ സഹായങ്ങള്‍, സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയ്ക്ക് നല്‍കിയ 4 ബില്യണ്‍ ഡോളറിന്റെ ധനസഹായം എന്നിവ അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വളര്‍ച്ച, മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും ഇന്ത്യ വളര്‍ന്നാല്‍ തങ്ങളും വളരുമെന്ന് ഭൂരിഭാഗം അയല്‍രാജ്യങ്ങളും തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. ഭീകരവാദം പടര്‍ത്തുന്നവര്‍ക്ക് ജലം പങ്കിടാന്‍ ഇന്ത്യയോട് ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്നും എസ്. ജയശങ്കര്‍ വ്യക്തമാക്കി.