മഡുറോയുടെ വിശ്വസ്ത ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ തലപ്പത്ത്
കാരക്കാസ്: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന സൈനിക നീക്കത്തിലൂടെയാണ് മഡുറോയെ പിടികൂടിയതെന്ന് വാഷിംഗ്ടണ്‍ അവകാശപ്പെട്ടു.
ഇതിനുപിന്നാലെ രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനോട് താല്‍ക്കാലികമായി അധികാരം ഏറ്റെടുക്കാന്‍ വെനസ്വേലയിലെ പരമോന്നത കോടതി ഉത്തരവിട്ടു.
2018 മുതല്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡെല്‍സി റോഡ്രിഗസ് മഡുറോയുടെ വിശ്വസ്തയായാണ് അറിയപ്പെടുന്നത്. വെനസ്വേലയുടെ എണ്ണാധിഷ്ഠിത സമ്പദ്വ്യവസ്ഥ നിയന്ത്രിക്കുന്നതിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലും അവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ബ്രിട്ടനിലും ഫ്രാന്‍സിലുമായി നിയമപഠനം പൂര്‍ത്തിയാക്കിയ ഡെല്‍സി അന്താരാഷ്ട്ര തലത്തില്‍ വെനസ്വേലന്‍ വിപ്ലവത്തിന്റെ മുഖമായി അറിയപ്പെടുന്നു.
കൊല്ലപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെല്‍സി. മഡുറോയുടെ അടുത്ത വൃത്തങ്ങളില്‍ പലര്‍ക്കും അമേരിക്കയുടെ ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഡെല്‍സിക്കെതിരെ അത്തരം നടപടികള്‍ ഉണ്ടായിട്ടില്ല. അമേരിക്കയിലെ എണ്ണ വ്യവസായ രംഗത്തുള്ള പ്രമുഖരുമായും ചില റിപ്പബ്ലിക്കന്‍ നേതാക്കളുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡെല്‍സി റോഡ്രിഗസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചെങ്കിലും വെനസ്വേലന്‍ ഔദ്യോഗിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ നടപടിയെ ‘ക്രൂരത’ എന്ന് വിശേഷിപ്പിച്ച ഡെല്‍സി, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രതികരിച്ചു. മഡുറോയുടെയും ഭാര്യയുടെയും ജീവന്‍ രക്ഷിക്കണമെന്നും അവര്‍ സുരക്ഷിതരാണെന്നതിന്റെ തെളിവ് പുറത്തുവിടണമെന്നും അവര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.
നിലവില്‍ ഡെല്‍സി റോഡ്രിഗസ് എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അവര്‍ റഷ്യയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മോസ്‌കോ നിഷേധിച്ചിട്ടുണ്ട്. അതേസമയം, നൊബേല്‍ സമ്മാന ജേതാവായ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയും ഒളിവിലാണെന്നാണ് സൂചന. മഡുറോയുടെ അഭാവത്തില്‍ രാജ്യത്ത് ഒരു അധികാര വടംവലി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.



