2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ?
ലഖ്നൗ: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അതീവ ഗൗരവത്തോടെയും പൂര്‍ണ്ണ ശക്തിയോടെയും മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ 72-ാമത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന് ആവശ്യമായ ലോകോത്തര നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, പരിശീലന കേന്ദ്രങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. രാജ്യത്തെ കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഖേലോ ഇന്ത്യ പോലുള്ള പദ്ധതികള്‍ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പുകളാണെന്നും മോദി ചൂണ്ടിക്കാട്ടി. നൂറുകണക്കിന് യുവാക്കള്‍ക്ക് ദേശീയ തലത്തിലേക്ക് ഉയരാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നു. 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയും പൂര്‍ണ്ണ ശക്തിയോടെ തയ്യാറെടുക്കുകയാണ്. കൂടുതല്‍ കായികതാരങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കുക എന്നതാണ് ലക്ഷ്യം,’ പ്രധാനമന്ത്രി പറഞ്ഞു.
ഗവണ്‍മെന്റ് കായിക മേഖലയില്‍ ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിച്ചവെന്നും, ഇന്ന് ഇന്ത്യയുടെ കായിക മാതൃക അത്ലറ്റുകളെ കേന്ദ്രീകരിച്ചുള്ളതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഭകളെ തിരിച്ചറിയല്‍, ശാസ്ത്രീയ പരിശീലനം, അവരുടെ പോഷകാഹാരത്തിലെ ശ്രദ്ധ, സുതാര്യമായ തിരഞ്ഞെടുപ്പ്, കൂടാതെ കളിക്കാരുടെ താല്‍പ്പര്യങ്ങള്‍ ഇപ്പോള്‍ എല്ലാ തലങ്ങളിലും പരമപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.



