ശശി തരൂര്‍ 100 ശതമാനം പാര്‍ട്ടിക്കാരനല്ലെന്ന് ചെന്നിത്തല; പക്ഷെ…
കല്‍പ്പറ്റയില്‍ നടന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിനിടെ ശശി തരൂര്‍ എംപി 100 ശതമാനം പാര്‍ട്ടിക്കാരനല്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അദ്ദേഹം മറ്റൊരു തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും ബിജെപി നേതാക്കളുമായി സഹകരിക്കുന്നതടക്കമുള്ള നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുമായി തരൂരിന് പ്രശ്‌നങ്ങളില്ലെന്നും, ക്യാമ്പില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളിലായി പറയണമെന്ന തരൂരിന്റെ പ്രസ്താവനയും നേതാക്കളില്‍ ചര്‍ച്ചയായി; പരസ്യ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു.
ഇതിനിടെ, ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ ഫലപ്രദമായി ഉപയോഗിക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കാനും രണ്ട് ഘട്ടങ്ങളായി പട്ടിക പ്രഖ്യാപിക്കാനുമാണ് കോണ്‍ഗ്രസിന്റെ ആലോചന. വയനാട്ടില്‍ നടന്ന ‘ലക്ഷ്യ 2026’ ക്യാമ്പില്‍ സുനില്‍ കനഗോലു അവതരിപ്പിച്ച ജയസാധ്യതാ റിപ്പോര്‍ട്ടില്‍, സ്ഥാനാര്‍ത്ഥി സാധ്യതകളും എല്‍ഡിഎഫ് സിറ്റിങ് സീറ്റുകളിലെ വിജയ സാധ്യതകളും വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.








