ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

ടെഹ്റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി സ്ഥിരീകരിച്ചു. ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രായേലുമായി ബന്ധമുള്ളവരാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ അക്രമങ്ങള്‍ക്ക് അമേരിക്കയും ഇസ്രായേലുമാണ് നേതൃത്വം നല്‍കുന്നതെന്ന് ഖമേനി ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈറാനെ അസ്ഥിരപ്പെടുത്താന്‍ ആസൂത്രിതമായി നടന്ന നീക്കത്തിന് പിന്നില്‍ ട്രംപിന് നേരിട്ട് പങ്കുണ്ടെന്നും പറഞ്ഞു. അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ളവര്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചതെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.

ഖമേനിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ, ഈറാനില്‍ പുതിയൊരു നേതൃത്വം വരേണ്ട സമയമായെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഖമേനിയുടെ ദീര്‍ഘകാലത്തെ ഭരണത്തിന് അന്ത്യം കുറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈറന്‍ ഭരണാധികാരികള്‍ ഭയവും ബലപ്രയോഗവും ഉപയോഗിച്ചാണ് ഭരണം നടത്തുന്നതെന്നും, രാജ്യത്തെ തകര്‍ത്തതിനും അഭൂതപൂര്‍വമായ അക്രമങ്ങള്‍ അഴിച്ചുവിട്ടതിനും ഉത്തരവാദി ഖമേനിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

മരണസംഖ്യയിലെ അവ്യക്തത: പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഖമേനി ആദ്യമായാണ് പരസ്യമായി സംസാരിക്കുന്നത്. ‘ആയിരക്കണക്കിന്’ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കൃത്യമായ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍എഎന്‍എ ഏകദേശം 3,000 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുമ്പോള്‍, ഈറന്‍ അധികൃതര്‍ മുന്‍പ് നൂറുകണക്കിന് മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്.

ഇതിനിടെ, ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച ‘ബോര്‍ഡ് ഓഫ് പീസ്’എന്ന സമാധാന സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് വിവിധ രാജ്യങ്ങളോട് അദ്ദേഹം ഒരു ബില്യണ്‍ ഡോളര്‍ വീതം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞു.ഈറാനിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.