ഇറാനില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ തടവില്‍
ടെഹ്റാന്‍: ഇറാനില്‍ ഇന്ത്യന്‍ ജീവനക്കാരുള്ള ചരക്കുകപ്പല്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് നയതന്ത്ര സഹായം ഉറപ്പാക്കാനായി ഇന്ത്യന്‍ എംബസി നീക്കങ്ങള്‍ ശക്തമാക്കി. 16 ഇന്ത്യന്‍ ജീവനക്കാരുള്ള എംടി വാല്യന്റ് റോര്‍ എന്ന കപ്പലാണ് കഴിഞ്ഞ ഡിസംബറില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പിടിച്ചെടുത്തത്.
യുഎഇയിലെ ദിബ്ബ തുറമുഖത്തിന് സമീപം അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ചാണ് കപ്പല്‍ തടഞ്ഞത്. ആറായിരം ടണ്‍ ഇന്ധനം കടത്തിയെന്നാരോപിച്ചാണ് ഇറാന്‍ അധികൃതര്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 14 മുതല്‍ തന്നെ ജീവനക്കാര്‍ക്ക് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദര്‍ അബ്ബാസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇറാന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.
നയതന്ത്ര ചര്‍ച്ചകളിലൂടെയും അംബാസഡര്‍ തലത്തിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും ഈ ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു ഉന്നയിക്കുന്നുണ്ട്. തടവിലുള്ള ജീവനക്കാര്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നും എംബസി ഇറാനോട് ആവശ്യപ്പെട്ടു.
കപ്പലിലെ ഭക്ഷണവും വെള്ളവും തീര്‍ന്നുപോയ സാഹചര്യത്തില്‍, ഇന്ത്യന്‍ മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ജനുവരി ആദ്യവാരം ഇറാന്‍ നാവികസേന അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. കപ്പലിന്റെ ഉടമസ്ഥരായ യുഎഇ ആസ്ഥാനമായുള്ള കമ്പനിയുമായും ഇറാനിലെ ഏജന്റുമാരുമായും എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ജീവനക്കാര്‍ക്കായി നിയമസഹായം ഉറപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു.
അതേസമയം, തടവിലാക്കപ്പെട്ടവരില്‍ ഒരാളായ തേര്‍ഡ് എന്‍ജിനീയര്‍ കേതന്‍ മേത്തയുടെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കേസ് നിലവില്‍ ഇറാന്റെ നിയമനടപടികളുടെ ഭാഗമാണെന്നും, എങ്കിലും ജീവനക്കാരുടെ മോചനത്തിനും അവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.









