യൂറോപ്യന്‍ നാറ്റോ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു
വാഷിങ്ടണ്‍ ഡിസി: യൂറോപ്യന്‍ നാറ്റോ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ചെറിയ സൈനിക സംഘങ്ങളെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രീയ സന്ദേശം നല്‍കുക എന്നതാണ് യൂറോപ്പിന്റെ ഉദ്ദേശ്യം.
അതെസമയം, അമേരിക്കന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായി ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിലേക്ക് ഇതുവരെ കുറച്ച് സൈനികരെ മാത്രമേ അയച്ചിട്ടുള്ളൂ. ഫ്രാന്‍സ് ഏകദേശം 15 സൈനികരെ ന്യൂക്കിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിവവരം. കൂടുതല്‍ ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥരെ പിന്നീട് അയച്ചേക്കും. 13 സൈനികരുടെ ഒരു രഹസ്യാന്വേഷണ സംഘത്തെയാണ് ജര്‍മ്മനി വിന്യസിച്ചത്. 2 പ്രതിരോധ ഉദ്യോഗസ്ഥരെ നോര്‍വേ ഗ്രീന്‍ലാന്‍ഡില്‍ എത്തിച്ചു. 2 സൈനിക ലൈസണ്‍ ഓഫീസര്‍മാരെ അയയ്ക്കുന്നതായി ഫിന്‍ലാന്‍ഡ് സ്ഥിരീകരിച്ചു. ഇവരെ അയയ്ക്കുന്നത് വസ്തുതാന്വേഷണ ദൗത്യത്തിനായാണെന്നും രാജ്യം വ്യക്തമാക്കി.
നെതര്‍ലാന്‍ഡ്സ് 1 സൈനികനെയാണ് അയച്ചത്. യുകെയും 1 ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനെ അയച്ചു. സ്വീഡനും ഒരു ചെറിയ സംഘത്തെ അയച്ചതായി അറിയുന്നു. എത്ര പേരുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ല. എല്ലാം കൂടി ചേര്‍ത്താല്‍ ഏകദേശം 34 യൂറോപ്യന്‍ സൈനികര്‍ ഉണ്ടാകും.
അതെസമയം ഗ്രീന്‍ലാന്‍ഡിന്റെ കര, വ്യോമ, നാവിക സംവിധാനങ്ങളളെ തങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യൂറോപ്പിന്റെ ഈ നീക്കം അമേരിക്കക്ക് ഒരു ശക്തമായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഒലിവിയര്‍ പോയിവ്രെ ഡി’അര്‍വര്‍ പറഞ്ഞു. നാറ്റോയുടെ സാന്നിധ്യം അമേരിക്കക്ക് കാണിച്ചു കൊടുക്കുക എന്നതാണ് ഉദ്ദേശ്യം. അതിനിടെ ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രിമാര്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് യൂറോപ്പ് സൈനികരെ അയയ്ക്കാന്‍ തുടങ്ങിയത്.
അതെസമയം ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള തന്റെ ആവശ്യം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ‘നമുക്ക് ഗ്രീന്‍ലാന്‍ഡിനെ നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു. സൈനിക ശക്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചില്ലെങ്കിലും, ഡെന്‍മാര്‍ക്കുമായി എന്തെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡിനെ കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഡെന്‍മാര്‍ക്കിന് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നമുക്ക് എല്ലാം ചെയ്യാന്‍ കഴിയും. കഴിഞ്ഞ ആഴ്ച വെനസ്വേലയില്‍ നിങ്ങള്‍ അത് കണ്ടതാണ്,’ ട്രംപ് പറഞ്ഞു.







