ഗ്രീന്‍ലാന്‍ഡിനെ വെറുമൊരു ഐസ് കഷണം എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ് ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി; യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ തീരുവ പിന്‍വലിച്ചു
ദാവോസ്: ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയും നാറ്റോയും തമ്മില്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്താനിരുന്ന അധിക ഇറക്കുമതി തീരുവകള്‍ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ഗ്രീന്‍ലാന്‍ഡിന്റെയും ആര്‍ട്ടിക് മേഖലയുടെയും സുരക്ഷയുമായി ബന്ധപ്പെട്ട ഭാവി കരാറിനായുള്ള ചട്ടക്കൂടിന് രൂപം നല്‍കിയതായി ട്രംപ് അറിയിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള ആര്‍ട്ടിക് മേഖലയുടെ കാര്യത്തില്‍ ഒരു ഭാവി കരാറിനുള്ള ചട്ടക്കൂട് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പരിഹാരം അമേരിക്കയ്ക്കും എല്ലാ നാറ്റോ രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകും. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരാനിരുന്ന തീരുവകള്‍ തല്‍ക്കാലം നടപ്പിലാക്കില്ല-ട്രംപ് വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡിനെ വിട്ടുനല്‍കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത പക്ഷം ഡെന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള ഭീഷണി. ഇത് പിന്നീട് 25 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ ധാരണയോടെ ഈ വ്യാപാര യുദ്ധഭീഷണി ഒഴിവായിരിക്കുകയാണ്.
നേരത്തെ ഗ്രീന്‍ലാന്‍ഡിനെ വെറുമൊരു ഐസ് കഷണം എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ്, ലോക സുരക്ഷയ്ക്കായി ഇതിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ആവശ്യമാണെന്ന നിലപാടിലായിരുന്നു. സൈനിക ബലം ഉപയോഗിച്ച് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കില്ലെന്ന് അദ്ദേഹം ദാവോസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഈ പുതിയ നീക്കം നാറ്റോ സഖ്യകക്ഷികള്‍ക്കിടയിലുണ്ടായിരുന്ന പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.







