സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിയ്ക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍
ടെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ വീണ്ടും ആക്രമണമുണ്ടായാല്‍ കയ്യിലുള്ള സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണി മുഴക്കിയത്. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ സജീവമാകുന്നതിനിടെയാണ് ഇറാന്റെ ഈ പ്രതികരണം.
ദി വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ക്കെതിരെ ഇനിയൊരു ആക്രമണമുണ്ടായാല്‍ ഇറാന്റെ സായുധ സേന യാതൊരു സംയമനവും പാലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധമുണ്ടായാല്‍ അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും പശ്ചിമേഷ്യയിലുടനീളം വ്യാപിക്കുന്നതുമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഏഷ്യയില്‍ നിന്ന് യുഎസ്എസ് എബ്രഹാം ലിങ്കണ്‍’ വിമാനവാഹിനിക്കപ്പലും അനുബന്ധ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യന്‍ മേഖല ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രകോപനപരമായ പ്രസ്താവന.
ഇറാനില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടെ 4,500-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആരോപിച്ചിരുന്നു.
2025 ജൂണില്‍ ഇസ്രായേലുമായി ഉണ്ടായ ഹ്രസ്വമായ യുദ്ധത്തെ പരാമര്‍ശിച്ച അരാഗ്ചി, ഇനിയൊരു ആക്രമണമുണ്ടായാല്‍ അത് ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുമെന്നും ആവര്‍ത്തിച്ചു.നിലവില്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിക്കുന്നതാണ് ഇറാന്റെ പുതിയ നീക്കങ്ങള്‍. മേഖലയിലെ സാഹചര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.








