വരുന്നു കില്‍ സ്വിച്ച്: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്ക് തടയിടുമോ?
ന്യൂഡല്‍ഹി: രാജ്യത്ത് തഴച്ചുവളരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തട്ടിപ്പിന് ഇരയാകുന്നുവെന്ന് തോന്നിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കാന്‍ സഹായിക്കുന്ന കില്‍ സ്വിച്ച് സംവിധാനമാണ് ഇതില്‍ പ്രധാനം.
ഉപഭോക്താക്കളുടെ യുപിഐ ആപ്പുകളിലോ ബാങ്കിംഗ് ആപ്പുകളിലോ ഒരു പ്രത്യേക ‘എമര്‍ജന്‍സി ബട്ടണ്‍’ ഉള്‍പ്പെടുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി ശുപാര്‍ശ ചെയ്യുന്നത്. സംശയാസ്പദമായ ഫോണ്‍ കോളുകളോ സന്ദേശങ്ങളോ ലഭിക്കുമ്പോള്‍ ഈ ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ അക്കൗണ്ടില്‍ നിന്നുള്ള എല്ലാ പണമിടപാടുകളും ഉടനടി തടയാന്‍ സാധിക്കും. തട്ടിപ്പുകാര്‍ പണം കൈക്കലാക്കുന്നത് ഇതിലൂടെ തടയാനാകും.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ബാങ്കിംഗ് മേഖലയിലെ റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഇതിനകം തന്നെ വിവിധ ഓഹരി ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള ഇന്‍ഷുറന്‍സ് പൂളുകള്‍ക്ക് സമാനമായി, ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ഒരു പ്രത്യേക ഇന്‍ഷുറന്‍സ് ഫണ്ട് രൂപീകരിക്കാനാണ് ആലോചന.
പോലീസ് അല്ലെങ്കില്‍ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളുകള്‍ വഴി ആളുകളെ ഭയപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. രാജ്യത്തുടനീളം ഇത്തരം തട്ടിപ്പുകളിലൂടെ ഏകദേശം 3,000 കോടി രൂപയോളം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഉന്നതതല സമിതിയുടെ ഇടപെടല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതിയില്‍ ഐടി മന്ത്രാലയം, ആര്‍ബിഐ, സിബിഐ, എന്‍ഐഎ, ടെലികോം വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്. ഗൂഗിള്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ ടെക് കമ്പനികളുമായും സമിതി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
തട്ടിപ്പ് പണം ഉടനടി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയാനുള്ള സാങ്കേതിക വിദ്യകളും സമിതി പരിശോധിച്ചു വരികയാണ്.ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.



