ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള തങ്ങളുടെ പിന്മാറ്റം അമേരിക്ക ഔദ്യോഗികമായി പൂര്‍ത്തിയാക്കി. ഒരു വര്‍ഷം മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. വെള്ളിയാഴ്ചയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ആരോഗ്യ-മനുഷ്യ സേവന വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചത്.

ലോകാരോഗ്യ സംഘടന അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതായും ഉത്തരവാദിത്തം, സുതാര്യത, പരിഷ്‌കരണം എന്നിവയില്‍ പരാജയപ്പെട്ടതായും യുഎസ് ഭരണകൂടം കുറ്റപ്പെടുത്തി. കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഘടന വരുത്തിയ വീഴ്ചകളെ വൈറ്റ് ഹൗസ് രൂക്ഷമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തിയെന്നും ഇത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും യുഎസ് അറിയിച്ചു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണെന്ന് ഭരണകൂടം ചൂണ്ടിക്കാട്ടി. 2024-2025 കാലയളവില്‍ 270 മില്യണ്‍ ഡോളറിലധികം കുടിശ്ശികയായി യുഎസ് നല്‍കാനുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് നിയമപരമായി നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നാണ് യുഎസ് നിലപാട്.

ലോകാരോഗ്യ സംഘടനയുടെ ഭാഗമല്ലെങ്കിലും ആഗോള ആരോഗ്യ മേഖലയില്‍ തങ്ങളുടെ ഇടപെടല്‍ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള ഉഭയകക്ഷി കരാറുകള്‍ വഴിയും സ്വന്തം ഏജന്‍സികള്‍ വഴിയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎസ് ലക്ഷ്യമിടുന്നത്. നിലവില്‍ 63 രാജ്യങ്ങളിലായി അമേരിക്കന്‍ ആരോഗ്യ വകുപ്പിന് കീഴില്‍ രണ്ടായിരത്തിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അമേരിക്കയുടെ പിന്മാറ്റം ആഗോള ആരോഗ്യ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധികള്‍ അതിര്‍ത്തികള്‍ മാനിക്കാറില്ലെന്നും, ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്മാറ്റം എബോള, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ രോഗങ്ങളുടെ നിരീക്ഷണത്തെ ദോഷകരമായി ബാധിക്കുമെന്നും ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ പിന്മാറ്റം സംബന്ധിച്ച് ഫെബ്രുവരിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ ലോകാരോഗ്യ സംഘടന വിശദമായി ചര്‍ച്ച ചെയ്യും. നിലവില്‍ സംഘടനയിലേക്ക് തിരിച്ചുപോകാനോ നിരീക്ഷക പദവി സ്വീകരിക്കാനോ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.