യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഇന്ത്യയിലെത്തി. റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ ഉര്‍സുലയെ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ വിമാനത്താവളത്തില്‍ സ്വീകരിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ന് ഡല്‍ഹിയിലെത്തും.

വിദേശ നേതാക്കളുടെ സന്ദര്‍ശന വേളയില്‍, വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെക്കുന്ന വ്യാപാര-മൊബിലിറ്റി കരാറുകള്‍ രാജ്യത്തെ യുവാക്കള്‍ക്ക് വലിയ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തൊഴില്‍ മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജിഡിപി ഇരട്ടിയായെന്നും വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജനുവരി 27-ന് പ്രധാനമന്ത്രി മോദിയുമായി നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരത്തിന് പുറമെ പ്രതിരോധം, സുരക്ഷ, ക്ലീന്‍ എനര്‍ജി, വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കുമുള്ള വിസാ ഇളവുകള്‍ തുടങ്ങിയ കാര്യങ്ങളിലും ധാരണയുണ്ടാകും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യൂറോപ്യന്‍ യൂണിയന്‍. നിലവില്‍ 136 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ നടക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള തന്ത്രപ്രധാനമായ സഹകരണത്തിനുള്ള രൂപരേഖയും ഇരുപക്ഷവും പുറത്തിറക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും യൂറോപ്യന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.