സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും ലക്ഷ്യമിട്ട് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പ്രതിരോധ കരാര്‍ തയ്യാര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ പങ്കാളിത്ത കരാര്‍ ഒപ്പിടാന്‍ സജ്ജമായി. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥികളായി പങ്കെടുത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കരാറില്‍ ഒപ്പുവെക്കുക.

ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ശേഷം യൂറോപ്യന്‍ യൂണിയനുമായി ഇത്തരമൊരു സുരക്ഷാ കരാറിലേര്‍പ്പെടുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം തലവന്‍ കജ കല്ലാസും തമ്മിലാകും കരാര്‍ ഒപ്പിടുക.

സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, ഭീകരവാദ വിരുദ്ധ പോരാട്ടം, സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍, ബഹിരാകാശ സുരക്ഷ, പ്രതിരോധ മേഖലയിലെ സാങ്കേതിക സഹകരണം എന്നിവ ഈ പങ്കാളിത്തത്തിന്റെ ഭാഗമാണ്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലെ സഹകരണവും കരാറില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ‘സെക്യൂരിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ അഗ്രിമെന്റ്’ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കമാകും.

അമേരിക്കയുടെ ഇന്തോ-പസഫിക് നയങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമാകുന്ന സാഹചര്യത്തില്‍, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഈ സഹകരണം ഏറെ തന്ത്രപ്രധാനമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും ഇ.യുവും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് ഇത് തുടക്കം കുറിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

16-ാമത് ഇന്ത്യ-ഇ.യു ഉച്ചകോടി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും സംയുക്തമായി പതിനാറാമത് ഇന്ത്യ-ഇ.യു ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കും. സാമ്പത്തിക-പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.

യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുമായി നിലവില്‍ ഇന്ത്യക്ക് പ്രതിരോധ കരാറുകളുണ്ടെങ്കിലും, ഒരു കൂട്ടായ്മ എന്ന നിലയില്‍ യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ ഉണ്ടാക്കുന്ന ഈ സമഗ്ര കരാര്‍ ആഗോള തലത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.