എല്ലാ കരാറുകളുടെയും മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര മേഖലകള്‍ക്ക് കുതിപ്പുണ്ടായേക്കും

ബെതുല്‍ (ഗോവ): ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ രാജ്യത്തെ നിര്‍മ്മാണ മേഖലയ്ക്കും സേവന മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ വ്യാപാര കരാറുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കം, ആഗോള തലത്തില്‍ ഇന്ത്യയിലുള്ള ബിസിനസ്സ്-നിക്ഷേപ സാധ്യതകളില്‍ വലിയ വിശ്വാസം ഉറപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോവയില്‍ നടന്ന ഇന്ത്യ എനര്‍ജി വീക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയില്‍ ഉണ്ടാകും.

‘ ലോകം ഈ കരാറിനെ എല്ലാ കരാറുകളുടെയും മാതാവ്’ (Mother of all deals) എന്നാണ് വിശേഷിപ്പിക്കുന്നത്. 140 കോടി ഇന്ത്യക്കാര്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്കും ഇത് വലിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നു. ലോകത്തെ രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള ഐക്യത്തിന്റെ മികച്ച ഉദാഹരണമാണിത്. ലോക ജിഡിപിയുടെ ഏകദേശം 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഈ കരാറിന്റെ പരിധിയില്‍ വരുന്നു.’-മോദി പറഞ്ഞു.

യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ക്ക് പുറമെ ഇന്ത്യ-ഇയു കരാര്‍ കൂടി വരുന്നതോടെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധത ഈ കരാറിലൂടെ കൂടുതല്‍ ദൃഢമാകുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയിലെ വസ്ത്ര-ആഭരണ-തുകല്‍ നിര്‍മാണ മേഖലകള്‍ക്ക് ഈ കരാര്‍ വന്‍ നേട്ടമുണ്ടാക്കി നല്‍കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ സമുദ്ര വിഭവങ്ങള്‍,പാദരക്ഷകള്‍, സ്പോര്‍ട്സ് ഗുഡ്സ് തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകള്‍ക്കും കരാര്‍ കരുത്താകും. യൂറോപ്യന്‍ യൂണിയന്റെ താല്‍പ്പര്യം കണക്കിലെടുത്ത് ഓട്ടോമൊബൈല്‍, മദ്യം തുടങ്ങിയ മേഖലകള്‍ ഇന്ത്യ ഭാഗികമായി തുറന്നുനല്‍കിയേക്കും.

പതിറ്റാണ്ടുകളായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. 2007-ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും വാഹന വിപണിയിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് 2013-ല്‍ ഇത് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളും ചൈനയുടെ വ്യാപാര ആധിപത്യം ഉയര്‍ത്തുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.