പിതാവ് മൊബൈല്‍ ഫോണുകള്‍ വാങ്ങി വച്ചു: മക്കളായ മൂന്ന് പെണ്‍കുട്ടികളും ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഗാസിയാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നില്‍ കൊറിയന്‍ ഡ്രാമകളോടും ഗെയിമുകളോടുമുള്ള അമിതമായ താല്‍പര്യമാണെന്ന് പോലീസ്. കടബാധ്യതയില്‍ ഉഴലുന്ന ഒരു വലിയ കുടുംബത്തിലെ ഏകാന്തതയും സമ്മര്‍ദവും നിറഞ്ഞ ജീവിതവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അവരെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്ങള്‍ ഒരു കൊറിയന്‍ ലോകത്താണ് ജീവിക്കുന്നതെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. ഭൂരിഭാഗം സമയവും അവര്‍ ഫോണിലായിരുന്നു ചിലവഴിച്ചിരുന്നത്. പിതാവ് തങ്ങളെ ക്രൂരമായി ശിക്ഷിക്കുന്നതിനെക്കുറിച്ച് കുട്ടികള്‍ പരാതിപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. ഓണ്‍ലൈനില്‍ കൊറിയന്‍ ഡ്രാമകള്‍ കാണുന്നതും ഗെയിമുകള്‍ കളിക്കുന്നതും പിതാവ് വിലക്കുകയും, അവരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി വെക്കുകയും ചെയ്തതിന് പിന്നാലെയാണ് 12, 14, 16 വയസുള്ള സഹോദരിമാര്‍ ഭാരത് സിറ്റി ടൗണ്‍ഷിപ്പിലെ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്.
‘അവര്‍ കൊറിയന്‍ ഡ്രാമകളുടെ സ്വാധീനത്തിലായിരുന്നു. അവര്‍ പഠനം ഉപേക്ഷിക്കുകയും മുഴുവന്‍ സമയവും മൊബൈല്‍ ഫോണുകളില്‍ കൊറിയന്‍ ഡ്രാമകള്‍ കാണുന്നതിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി, കുടുംബത്തിലെ മറ്റുള്ളവര്‍ ഉറങ്ങാന്‍ പോയതിനുശേഷം, പെണ്‍കുട്ടികള്‍ മുറിയില്‍ കയറി വാതിലടയ്ക്കുകയും കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു,’ ഗാസിയാബാദ് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അലോക് പ്രിയദര്‍ശി പറഞ്ഞു.
പുലര്‍ച്ചെ 2 മണിയോടെ തുടര്‍ച്ചയായി വലിയ ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് ഫ്‌ലാറ്റിലെ താമസക്കാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ്, കെട്ടിടത്തിന് താഴെ പെണ്‍കുട്ടികള്‍ വീണു കിടക്കുന്നത് കണ്ടത്. കുട്ടികള്‍ വീണപ്പോള്‍ താഴെയുള്ള ഫ്‌ലാറ്റുകളിലെ തള്ളിനില്‍ക്കുന്ന ഭാഗങ്ങളില്‍ തട്ടിയും പിന്നീട് നിലത്തു പതിച്ചും ഉണ്ടായ ശബ്ദമാണ് താമസക്കാര്‍ കേട്ടതെന്ന് കരുതപ്പെടുന്നു.
അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ”പുലര്‍ച്ചെ ഏകദേശം 2.15-ഓടെയാണ് പോലീസ് റെസ്‌പോണ്‍സ് വെഹിക്കിളിന് ഈ വിവരം ലഭിക്കുന്നത്. തില മോഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ടവര്‍ B-1 ലെ ഫ്‌ലാറ്റ് നമ്പര്‍ 907-ന്റെ ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിയെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അവര്‍ മരിച്ചുവെന്നുമാണ് വിവരം ലഭിച്ചത്,” ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അതുല്‍ കുമാര്‍ സിങ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പെണ്‍കുട്ടികളുടെ പിതാവുമായി സംസാരിച്ചു വരികയാണെന്നും അഡീഷണല്‍ സി.പി പ്രിയദര്‍ശി പറഞ്ഞു. എന്നാല്‍, ഇതുവരെ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പിതാവായ ചേതന്‍ കുമാര്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും, പെണ്‍കുട്ടികള്‍ അദ്ദേഹത്തോടൊപ്പം വാടക ഫ്‌ലാറ്റിലായിരുന്നു താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ചേതന്‍ കുമാര്‍ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും രണ്ട് കോടി രൂപയോളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
‘ചേതന്റെ രണ്ട് ഭാര്യമാരും സഹോദരിമാരാണ്. ഇവരിലായി അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. അതില്‍ ഒമ്പത് വയസുള്ള മകന് സംസാരിക്കാനോ കേള്‍ക്കാനോ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ച പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ ഒരു ഭാര്യയുടെ മക്കളും, മൂന്നാമത്തെ പെണ്‍കുട്ടി രണ്ടാമത്തെ ഭാര്യയുടെ മകളുമാണ്,” പോലീസ് പറഞ്ഞു.
പെണ്‍കുട്ടികള്‍ മരിക്കാന്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന എട്ട് പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങളെ മാതാപിതാക്കള്‍ മര്‍ദിക്കാറുണ്ടെന്നും മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടികള്‍ കുറിപ്പില്‍ ആരോപിക്കുന്നു. അവര്‍ക്ക് കൊറിയക്കാരോട് ഇഷ്ടമുള്ളതുകൊണ്ട് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘നിങ്ങളില്‍ നിന്ന് തല്ല് വാങ്ങാനായി ഞങ്ങള്‍ ഈ ലോകത്ത് ജീവിക്കണോ? വേണ്ട, മരണമായിരിക്കും ഇതിലും നല്ലത്… വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ സമ്മര്‍ദത്തിലാകുന്നു. ഞങ്ങള്‍ക്ക് കൊറിയക്കാരെയാണ് ഇഷ്ടവും സ്‌നേഹവും, ഇന്ത്യന്‍ പുരുഷന്മാരുമായുള്ള വിവാഹം ഞങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല,’ ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടികള്‍ എഴുതി.
ആത്മഹത്യക്കുറിപ്പ് പെണ്‍കുട്ടികളുടെ പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു. ‘സോറി പപ്പ’ എന്ന് അവര്‍ അതില്‍ പറഞ്ഞിരുന്നുവെങ്കിലും, ‘കൊറിയന്‍’ ഉപേക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് അവര്‍ അതില്‍ ഉറപ്പിച്ചു പറയുന്നു.
‘കൊറിയന്‍ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ജീവിതം ഉപേക്ഷിക്കാന്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? ഞങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ല, ഇപ്പോള്‍ നിങ്ങള്‍ അതിനുള്ള തെളിവ് കണ്ടല്ലോ,’ പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ അവര്‍ എഴുതിയിരുന്നു.
‘കൊറിയനും കെ-പോപ്പും ഞങ്ങളുടെ ജീവിതമായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കണം…’ പെണ്‍കുട്ടികള്‍ കുറിപ്പില്‍ ഇങ്ങനെ എഴുതിയതായാണ് വിവരം. ‘ദ ബേബി ഇന്‍ യെല്ലോ’, ‘ഈവിള്‍ നണ്‍’ തുടങ്ങിയ കാര്‍ട്ടൂണുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും പേരും മറ്റ് കൊറിയന്‍, ചൈനീസ്, തായ്, ജാപ്പനീസ് നാടകങ്ങളുടെ ലിസ്റ്റും അവര്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തന്റെ മക്കള്‍ കെ-ഡ്രാമകളുടെ വലിയ ആരാധകരായിരുന്നുവെന്നും കുറഞ്ഞത് മൂന്ന് വര്‍ഷം മുമ്പെങ്കിലും അവര്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയിരുന്നുവെന്നും പെണ്‍കുട്ടികളുടെ പിതാവായ ചേതന്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. ‘എന്റെ രണ്ട് ഭാര്യമാരിലായി ജനിച്ചവരാണ് ഈ മൂന്ന് പെണ്‍കുട്ടികള്‍. ആദ്യ ഭാര്യക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് ഞാന്‍ അവളുടെ അനിയത്തിയെ വിവാഹം കഴിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
മൂത്ത പെണ്‍കുട്ടി ഏഴാം ക്ലാസിലും മറ്റ് രണ്ട് പേര്‍ ആറ്, അഞ്ച് ക്ലാസുകളിലുമായി പഠനം നിര്‍ത്തിയെന്ന് ചേതന്‍ പറഞ്ഞു. ‘അവര്‍ ക്ലാസില്‍ തോല്‍ക്കുകയും അതിനുശേഷം സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ഞാന്‍ അവരെ ഒരു സ്വകാര്യ കോച്ചിങ് സെന്ററില്‍ അയച്ചിരുന്നു, എന്നാല്‍ അവിടെ അധ്യാപകനുമായി വഴക്കിട്ട് പോകുന്നത് നിര്‍ത്തി,’ അദ്ദേഹം പറഞ്ഞു.
ദുരന്തം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും കെ-ഡ്രാമകള്‍ (കൊറിയന്‍ ഡ്രാമകള്‍) കാണുന്നത് നിര്‍ത്താന്‍ അവരോട് പറഞ്ഞിരുന്നതായും ചേതന്‍ പറഞ്ഞു. ‘അവര്‍ക്ക് അതിനോട് വലിയ ഭ്രാന്തായിരുന്നു… ആ ഡ്രാമകളിലെ കഥാപാത്രങ്ങളെപ്പോലെ സംസാരിക്കാനും പെരുമാറാനും അവര്‍ ശ്രമിച്ചു, അവരെ അനുകരിച്ചു. മൂന്ന് മാസം മുമ്പ് അവര്‍ യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങിയിരുന്നു, അത് ഞാന്‍ ഡിലീറ്റ് ചെയ്തു. അതില്‍ അവര്‍ക്ക് വലിയ വിഷമമുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രി കുടുംബത്തിനൊപ്പം അത്താഴം കഴിച്ചശേഷം പെണ്‍കുട്ടികള്‍ മുറിയില്‍ കയറി വാതിലടച്ചെന്നും പിതാവ് പറഞ്ഞു. ‘രാത്രി എന്റെ ഭാര്യ അവരുടെ മുറിയുടെ വാതിലില്‍ തട്ടി തുറക്കാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അവര്‍ നിലവിളിക്കുന്ന ശബ്ദവും താഴേക്ക് വീഴുന്ന ശബ്ദവുമാണ് ഞങ്ങള്‍ കേട്ടത്,’ ചേതന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).



