ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിനും വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടു
അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായി. സ്‌പോര്‍ട്‌സ് വിഭാഗം പൂര്‍ണമായും നിര്‍ത്തലാക്കി. വിദേശത്തെ പല ഓഫീസുകളും അടച്ചുപൂട്ടി. കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍. മൂന്നൂറിലധികം പേര്‍ക്ക് ജോലി നഷ്ടമായി. ഇതില്‍ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരും ഉള്‍പ്പെടുന്നു.
കമ്പനി വലിയ രീതിയില്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍ നടപടിയെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ വിശദീകരണം. മൂന്നുറിലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മിഡില്‍ ഈസ്റ്റ് ലേഖകരും എഡിറ്റര്‍മാരും ഉള്‍പ്പെടുന്നു. സ്‌പോര്‍ട്‌സ് വിഭാഗം പൂര്‍ണമായും ഒഴിവാക്കിയതിനും വിദേശത്തെ ഓഫീസുകളുടെ പ്രവര്‍ത്തനം കുറച്ചതിനും പുറമേ, പുസ്തകങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും നിര്‍ത്തിയിട്ടുണ്ട്. കൂട്ടപ്പിരിച്ചുവിടല്‍ പത്രത്തിന്റെ ലോകമെമ്പാടുമുള്ള റിപ്പോര്‍ട്ടിങ് ശേഷിയെ സാരമായി ബാധിച്ചു.
പിരിച്ചുവിടല്‍ നേരിട്ട വിവരം ഇഷാന്‍ തരൂര്‍ എക്‌സിലൂടെ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര വിഭാഗത്തിലെ മിക്കവരും കമ്പനിയില്‍നിന്ന് പുറത്തായെന്ന് ഇഷാന്‍ പറഞ്ഞു. അതേസമയം ‘ഒരു മോശം ദിവസം’ എന്ന കുറിപ്പോടെ ന്യൂസ്‌റൂമിന്റെ ചിത്രം പങ്കുവെച്ചുള്ള ഇഷാന്റെ പോസ്റ്റ് ശശി തരൂര്‍ പങ്കുവച്ചു. ചിത്രത്തില്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ ആപ്തവാക്യമായ ‘ജനാധിപത്യം ഇരുട്ടില്‍ മരിക്കുന്നു’ എന്നത് ഉള്‍പ്പെടുന്ന പോസ്റ്ററും കാണാം.
വാഷിങ്ടണ്‍ പോസ്റ്റില്‍ 11 വര്‍ഷക്കാലമായി വിദേശകാര്യ ലേഖകനായി പ്രവര്‍ത്തിക്കുകയായിരുന്നു ഇഷാന്‍ തരൂര്‍ . ആദ്യ ഭാര്യയും എഴുത്തുകാരിയുമായ തിലോത്തമ മുഖര്‍ജിയിലുള്ള ശശി തരൂരിന്റെ മകനാണ് ഇഷാന്‍ തരൂര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കൈലാഷ് നാഥ് കട്ജുവിന്റെ കൊച്ചുമകളാണ് നിലവില്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കൂടിയായ തിലോത്തമ മുഖര്‍ജി. 1981ലാണ് തരൂരും തിലോത്തമയും വിവാഹിതരായത്. 1984ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നു, ഇഷാന്‍ തരൂരും കനിഷ്‌ക് തരൂരും. പിന്നീട് തരൂരും തിലോത്തമയും വിവാഹമോചിതരായി.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലായിരുന്നു ഇഷാന്‍ തരൂരിന്റെ ബാല്യകാലം. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് എത്തിയ ഇഷാന്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എത്തുംമുന്‍പ് ടൈം മാഗസിനില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഇഷാന്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം ജനശ്രദ്ധ നേടിയിരുന്നു.








