വാഷിങ്ടണില്‍ ജയശങ്കര്‍-റൂബിയോ കൂടിക്കാഴ്ചയില്‍ ഊര്‍ജ സുരക്ഷയും നിര്‍ണായക ധാതുക്കളും ചര്‍ച്ചയായി
വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഊര്‍ജ സുരക്ഷ, നിര്‍ണായക ധാതുക്കള്‍ എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ചകള്‍.
അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റുമായും ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കണമെന്ന അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത് എന്നത് ശ്രദ്ധേയമാണ്. റഷ്യന്‍ എണ്ണയ്ക്ക് പകരമായി അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുന്നത് സംബന്ധിച്ച സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ട്. വ്യാപാരം, ഊര്‍ജം, ആണവോര്‍ജം, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, സാങ്കേതികവിദ്യ എന്നിങ്ങനെ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ വിവിധ വശങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും ആശയവിനിമയം നടന്നു,’ കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ എക്സില്‍ കുറിച്ചു.
‘നിര്‍ണായകമായ ധാതുക്കളുടെ പര്യവേഷണത്തിലുള്ള ഉഭയകക്ഷി സഹകരണം ചര്‍ച്ച ചെയ്യാനും, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സാമ്പത്തിക അവസരങ്ങള്‍ തുറന്നുനല്‍കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ജയശങ്കറെ കണ്ടു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിനെ ഞങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു,’ റൂബിയോ പറഞ്ഞു.
നിര്‍ണായക ധാതുക്കളുടെ പര്യവേഷണം, ഖനനം, സംസ്‌കരണം എന്നിവയില്‍ ഉഭയകക്ഷി സഹകരണം ഔദ്യോഗികമാക്കുന്നതിനെക്കുറിച്ച് സെക്രട്ടറി (റൂബിയോ) വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.









