ഭാരതീയ കത്തോലിക്ക മെത്രാന്‍ സമിതിയെ നയിക്കുന്ന ആദ്യ ദലിത് നേതാവായി കര്‍ദ്ദിനാള്‍ പൂല അന്തോണി

ന്യൂഡല്‍ഹി: ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പും ഇന്ത്യയിലെ ആദ്യത്തെ ദലിത് കര്‍ദ്ദിനാളുമായ പൂല അന്തോണിയെ തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന സി.ബി.സി.ഐയുടെ മുപ്പത്തിയേഴാമത് പൊതുസമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്. ഇന്ത്യയിലെ ഏകദേശം രണ്ട് കോടിയോളം വരുന്ന കത്തോലിക്ക വിശ്വാസികളെ നയിക്കാന്‍ എത്തുന്ന ആദ്യ ദലിത് സഭാദ്ധ്യക്ഷനാണ് 64-കാരനായ കര്‍ദ്ദിനാള്‍ പൂള അന്തോണി.

കേരളത്തില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തായിരുന്നു ഇതിന് മുന്‍പ് ഈ പദവി അലങ്കരിച്ചിരുന്നത്. സഭ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് കര്‍ദ്ദിനാള്‍ പൂള അന്തോണി സി.ബി.സി.ഐയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. പതിറ്റാണ്ടുകളുടെ അജപാലന പരിചയവും ഭരണപാടവവും നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സി.ബി.സി.ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും സഭയ്ക്കും എതിരെ നടക്കുന്ന അക്രമങ്ങളും വെല്ലുവിളികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും പ്രതിനിധി സംഘങ്ങളെ നയിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കുമെന്ന് സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണ്ണൂലില്‍ ജനിച്ച് കഠിനമായ പട്ടിണിയും ജാതി വിവേചനവും നേരിട്ട ബാല്യകാലം പിന്നിട്ട് വൈദികനായ ആളാണ് കര്‍ദിനാള്‍ ആന്റണി പൂല. രാജ്യത്തെ കത്തോലിക്കാ ജനസംഖ്യയില്‍ 60 ശതമാനം പേര്‍ ആദിവാസി – ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

1961 നവംബര്‍ 15-ന് ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ രൂപതയിലുള്ള പോളൂരിലാണ് പൂള അന്തോണി ജനിച്ചത്. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1992 ഫെബ്രുവരി 20-ന് വൈദികനായി പട്ടം സ്വീകരിച്ചു. നെതര്‍ലണ്ട് സ്വദേശിയായ മിഷണറിയാണ് ആന്റണിയെ ദൈവത്തിന്റെ വഴിയിലേക്ക് നയിച്ചത്. 1992 ല്‍ വൈദികനായി. പിന്നെ പടിപടിയായി സഭയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 2021 ല്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി. അമേരിക്കയിലെ ലോയോള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കി.

2008-ല്‍ കര്‍ണൂല്‍ ബിഷപ്പായും, 2020 നവംബറില്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായും അദ്ദേഹം നിയമിതനായി. 2022 ഓഗസ്റ്റ് 27-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. ഇന്ത്യയില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ദലിത് പുരോഹിതന്‍ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. തെലങ്കാന കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ട്രഷററായും , കാത്തലിക് യുവജന കമ്മീഷന്റെയും പട്ടികജാതി കമ്മീഷന്റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദീര്‍ഘ ദര്‍ശിത്വത്തിന്റെ ഭാഗമായിട്ടാണ് ആന്റണി പൂലയുടെ നിയമനം. ‘ദൈവവുമായി സ്വപ്നം കാണുക’ എന്ന ആന്റണി പൂലയുടെ സ്വപ്ന സാക്ഷാത്കാരമാണ് സംഭവിക്കുന്നത്.