മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
ഇംഫാല്‍: മണിപ്പൂരിലെ ഉഖ്രുള്‍ ജില്ലയില്‍ തങ്കുല്‍ നാഗ, കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ വന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷം ശാന്തമാക്കുന്നതിന്റെ ഭാഗമായി ഉഖ്രുള്‍ ജില്ലയില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച ലിറ്റാന്‍ സരൈഖോങ്ങിലുണ്ടായ തര്‍ക്കമാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ഞായറാഴ്ച രാത്രിയോടെ അക്രമിസംഘം ലിറ്റാന്‍ ബസാറിലെ വീടുകള്‍ക്കും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കും തീയിട്ടു. ഏകദേശം 25 വീടുകളും നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷം രൂക്ഷമായതോടെ ലിറ്റാന്‍, മാങ്കോട്ട് ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. കയ്യില്‍ കിട്ടിയ അവശ്യസാധനങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം ട്രക്കുകളിലും കാല്‍നടയായുമാണ് ഗ്രാമം വിടുന്നത്.
സംഘര്‍ഷ മേഖലയില്‍ സംസ്ഥാന, കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. ഉഖ്രുള്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ലിറ്റാന്‍ ഗ്രാമത്തില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഭ്യൂഹങ്ങളും വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സുരക്ഷാ സേന ശ്രമിച്ചുവരികയാണ്. തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ലോസി ദിഖോയുടെ അധ്യക്ഷതയില്‍ ഇരുവിഭാഗത്തിലെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നു.








