പ്രതിരോധരംഗത്ത് വന്‍ കുതിപ്പേകാന്‍ 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി ഇന്ത്യ
ഡല്‍ഹി: ഇന്ത്യന്‍ സായുധ സേനകള്‍ക്കായി വിവിധ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) വ്യാഴാഴ്ച അംഗീകാരം നല്‍കി. ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള വന്‍ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അതില്‍ 90 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഫെബ്രുവരി 17 നും 19 നും ഇടയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് നിര്‍ണായക അനുമതി. ഫ്രാന്‍സുമായുള്ള റഫാല്‍ കരാറിന് പുറമെ മറ്റ് ചില പ്രധാന കരാറുകള്‍ക്കും ഡിഎസി പച്ചക്കൊടി കാട്ടിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ആറ് പി-8ഐ സമുദ്ര നിരീക്ഷണ-അന്തര്‍വാഹിനി വിരുദ്ധ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശത്തിനും സമിതി അംഗീകാരം നല്‍കിയതായാണ് വിവരം.
അതേസമയം, വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായുള്ള 114 റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാര്‍ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 36 റഫാല്‍ വിമാനങ്ങളാണുള്ളത്. ഇതിന് പുറമെയാണ് പുതിയ 114 വിമാനങ്ങള്‍ കൂടി വരുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കമ്പനിയായ ബോയിംഗില്‍ നിന്ന് ആറ് പി-8ഐ വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. സമുദ്ര സുരക്ഷയിലും ഇന്ത്യന്‍ സമുദ്രമേഖലയിലെ നിരീക്ഷണത്തിലും ഈ വിമാനങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കും. കടലിലെ ശത്രു അന്തര്‍വാഹിനികളെ കണ്ടെത്താനും തകര്‍ക്കാനും ശേഷിയുള്ള അത്യാധുനിക വിമാനങ്ങളാണിവ.









