സമാധാന കരാര്‍: 20 വര്‍ഷത്തെ സുരക്ഷാ ഉറപ്പ് വേണമെന്ന് അമേരിക്കയോട് യുക്രൈയ്ന്‍
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതെങ്കിലും സമാധാന കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായി അമേരിക്കയില്‍ നിന്ന് 20 വര്‍ഷത്തെ സുരക്ഷാ ഗ്യാരണ്ടി തേടുകയാണെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ഭാവിയില്‍ റഷ്യയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് യുക്രൈയ്‌ന്റെ നീക്കം.
സമാധാന ചര്‍ച്ചകള്‍ വിജയിക്കണമെങ്കില്‍ അമേരിക്കയുടെ ദീര്‍ഘകാല പിന്തുണ അനിവാര്യമാണെന്നാണ് യുക്രൈയ്‌ന്റെ നിലപാട്. നിലവിലെ ചര്‍ച്ചകള്‍ പ്രകാരം 15 വര്‍ഷത്തെ സുരക്ഷാ ഉറപ്പാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ യുക്രൈയ്ന്‍ ഇതിലും ദീര്‍ഘകാലയളവിലുള്ള ഉറപ്പാണ് ആഗ്രഹിക്കുന്നതെന്ന് സെലെന്‍സ്‌കി മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാന കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിക്കുകയാണെങ്കില്‍ അമേരിക്ക നേരിട്ട് ഇടപെടണമെന്ന കര്‍ശനമായ ആവശ്യവും യുക്രൈയ്ന്‍ മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ 20 വര്‍ഷത്തെ സുരക്ഷാ ഗ്യാരണ്ടി എന്ന ആവശ്യത്തോട് അമേരിക്കന്‍ ഭരണകൂടം എത്തരത്തില്‍ പ്രതികരിക്കുമെന്ന കാര്യം വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ.
അതേസമയം, വേഗത്തിലുള്ള സമാധാനത്തിന് പകരമായി ഡോണ്‍ബാസ് മേഖലയില്‍ നിന്ന് യുക്രൈയ്ന്‍ പിന്മാറണമെന്ന നിര്‍ദ്ദേശങ്ങള്‍ സെലെന്‍സ്‌കി നേരത്തെ നിരസിച്ചിരുന്നു. യുക്രൈനിയന്‍ ജനത പ്രദേശത്ത് താമസിക്കുന്നതിനാല്‍ അത്തരമൊരു നീക്കം അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന യുഎസ് ആഹ്വാനത്തെയും അദ്ദേഹം എതിര്‍ത്തു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം കുറഞ്ഞത് രണ്ടു മാസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ വോട്ടെടുപ്പ് നടത്താന്‍ കഴിയൂ എന്നാണ് സെലന്‍സ്‌കിയുടെ വാദം. വോട്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം വാദിച്ചു.









