അഭയാര്‍ത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം
പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാന്‍ കഴിയാത്ത ഒമ്പത് അഭയാര്‍ത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലേക്ക് നാടുകടത്തിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ലൂസിയാനയില്‍ നിന്ന് വിമാനത്തില്‍ കയറ്റുമ്പോള്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് നാടുകടത്തപ്പെട്ടവര്‍ വെളിപ്പെടുത്തി. കാമറൂണുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.
കാമറൂണിന്റെ തലസ്ഥാനമായ യാവുണ്ടെയിലെ (Yaounde) ഒരു സര്‍ക്കാര്‍ കോമ്പൗണ്ടിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സമ്മതിച്ചാല്‍ മാത്രമേ ഇവിടെ നിന്ന് പുറത്തുപോകാന്‍ കഴിയൂ എന്ന് അധികൃതര്‍ ഇവരെ അറിയിച്ചു.
അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി എല്‍ സാല്‍വദോര്‍, റുവാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങള്‍ക്ക് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്വറ്റോറിയല്‍ ഗിനിയക്ക് ഇതിനായി 7.5 ദശലക്ഷം ഡോളര്‍ നല്‍കിയതായും പറയപ്പെടുന്നു.
ഈ നടപടിക്കെതിരെ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ യു.പി.എസ് (UPS) പാഴ്‌സലുകളെപ്പോലെ ഒരു രാജ്യത്ത് കൊണ്ടിടുകയായിരുന്നുവെന്ന് സിംബാബ്വെയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥി പ്രതികരിച്ചു.
സ്വന്തം രാജ്യങ്ങളില്‍ പീഡനം ഭയന്നാണ് ഇവര്‍ അമേരിക്കയില്‍ അഭയം തേടിയത്. എന്നാല്‍ നിലവില്‍ ഇവര്‍ കാമറൂണില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.



