കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയെ മത്സരിപ്പിക്കാന്‍ ബിജെപി. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥി ആകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം ലഭിച്ചതായാണ് വിവരം.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജോര്‍ജ് കുര്യന്‍. ഈ ജൂണില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ്, ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നായ കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ കളത്തിലിറക്കുന്നത്. കഴിഞ്ഞ തവണ കാഞ്ഞിരപ്പള്ളിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു 2021ല്‍ ബിജെപിക്കായി കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചത്.

അതേസമയം, പൂഞ്ഞാറില്‍ പി.സി ജോര്‍ജും പാലയില്‍ ഷോണ്‍ ജോര്‍ജും ബിജെപിക്കായി മത്സരിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ മത്സരിക്കുമെന്ന് പത്മജ വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും തൃശൂരില്‍ മത്സരിക്കണമെന്ന തീരുമാനം പാര്‍ട്ടില്‍ എടുത്താല്‍ അത് അനുസരിക്കുമെന്നും പത്മജ പറഞ്ഞു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളീധരനും പത്മജയും തമ്മില്‍ മത്സരമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിലവില്‍ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ മത്സരിക്കുമെന്ന ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.