ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

ഡല്‍ഹി: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. യുഎസ് സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കയ്ക്കിടെ പുതിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ യാത്രാ നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 10,000 ഇന്ത്യക്കാര്‍ക്ക് ഈ നിര്‍ദേശം ബാധകമാണ്. കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് മടങ്ങണമെന്നും പാസ്‌പോര്‍ട്ട് പോലുള്ള രേഖകള്‍ എപ്പോഴും കൈവശം വെക്കണമെന്നും എംബസി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25-26 തീയതികളില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നീക്കം. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെ മിഡില്‍ ഈസ്റ്റില്‍ യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ കരാര്‍ പരാജയപ്പെട്ടാല്‍ മോശമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ പ്രാദേശിക മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയും എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.