ചരിത്ര നിമിഷം; ഇസ്രായേല്‍ പാര്‍ലമെന്റില്‍ അഭിസംബോധന നടത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി

ജറുസലം: ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലും ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം വെറും നയതന്ത്രമല്ലെന്നും അത് രക്തവും ത്യാഗവും കൊണ്ട് എഴുതപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗാസയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ ഇന്ത്യ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മേഖലയില്‍ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം ഉറപ്പാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലൂടെ മാത്രമേ മേഖലയില്‍ ശാശ്വത സമാധാനം കൈവരിക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ഇസ്രായേലിന്റെ വേദനയില്‍ ഇന്ത്യ പങ്കുചേരുന്നതായി അറിയിച്ചു. ‘ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ല. ലോകത്തിന്റെ ഏത് കോണിലായാലും ഭീകരവാദം സമാധാനത്തിന് ഭീഷണിയാണ്,’ അദ്ദേഹം പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, ഭീകരതയോട് ഇന്ത്യയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത നയമാണെന്നും വ്യക്തമാക്കി.

രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെക്കുറിച്ച് മോദി വാചാലനായി. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇസ്രായേല്‍ മണ്ണില്‍ ജീവന്‍ ബലിനല്‍കിയ നാലായിരത്തിലധികം ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെ അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയിലെ ജൂത സമൂഹത്തെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. മതപീഡനങ്ങളില്ലാതെ ഇന്ത്യയില്‍ ജൂതര്‍ക്ക് ജീവിക്കാന്‍ സാധിച്ചത് രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയെ ‘സഹോദരന്‍’ എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യയുടെ സൗഹൃദം തങ്ങള്‍ക്ക് വലിയ കരുത്താണെന്നും പ്രതികരിച്ചു.