ഇന്ത്യയില്‍ നിന്നും വിദേശയാത്രയുടെ ലക്ഷ്യം ‘പഠനം’ എന്ന് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വന്‍ കുറവ് രേഖപ്പെടുത്തുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്. 2023-ല്‍ 9.08 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയ സ്ഥാനത്ത്, 2025-ല്‍ ഇത് 6.26 ലക്ഷമായി കുറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം വിദേശയാത്രയുടെ ലക്ഷ്യം ‘പഠനം’ എന്ന് രേഖപ്പെടുത്തിയവരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2023ല്‍ 9,08,364 പേര്‍, 2024 ല്‍ 7,70,127 പേര്‍, 2025 ല്‍ 6,26,606 പേര്‍ എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ കണക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം വിദേശപഠനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ ഏകദേശം 31 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
വിദേശപഠനം എന്നത് വ്യക്തിപരമായ താല്പര്യമാണെന്നും സാമ്പത്തിക സ്ഥിതി, ബാങ്ക് വായ്പകളുടെ ലഭ്യത, വിദേശ രാജ്യങ്ങളിലെ ജീവിത സാഹചര്യം, കോഴ്‌സുകളോടുള്ള താല്പര്യം എന്നിവയെ ആശ്രയിച്ചാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനമെടുക്കുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു. എങ്കിലും, പ്രധാന ലക്ഷ്യസ്ഥാനങ്ങളായ കാനഡ, യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വരുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഈ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാനഡയിലെ സ്റ്റഡി പെര്‍മിറ്റുകള്‍ക്കുള്ള നിയന്ത്രണം, ആശ്രിതരെ കൊണ്ടുവരുന്നതില്‍ യുകെ ഏര്‍പ്പെടുത്തിയ വിലക്ക്, യുഎസിലെ വിസ ചട്ടങ്ങളിലെ മാറ്റങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പിലെ കുട്ടികള്‍ കൂടുതല്‍ എത്തുന്നുണ്ട്.
അതേസമയം, വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആഭ്യന്തര വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. നിലവില്‍ 14 വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ അഞ്ച് സര്‍വ്വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതിയും ലഭിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ പ്രതിഭകള്‍ക്ക് ആഗോളതലത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നത് ഗുണകരമാണെന്നും എന്നാല്‍ മികച്ച വിദ്യാഭ്യാസം രാജ്യത്തിനകത്ത് തന്നെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.







