ആയത്തുള്ള അറാഫി ഇടക്കാല പരമോന്നത നേതാവ്
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ മുതിര്‍ന്ന പുരോഹിതനും ഖൊം സെമിനാരിയുടെ തലവനുമായ ആയത്തുള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ടെഹ്‌റാനില്‍ വെച്ച് ഖമനയി കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ നിയമനം.
പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയാണ് 67 കാരനായ അറാഫി. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നേതൃത്വ കൗണ്‍സിലിലെ നിയമജ്ഞ അംഗമായും അറാഫിയെ നിയമിച്ചിട്ടുണ്ടെന്നും ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഭരണഘടന പ്രകാരം, 88 അംഗ പുരോഹിത സമിതിയായ ‘അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്’ ആണ് അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ അറാഫി താത്കാലിക നേതൃത്വം വഹിക്കും. ഖമനയിയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള പ്രമുഖരുടെ പട്ടികയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ് അറാഫി.
ശനിയാഴ്ച ടെഹ്‌റാനിലെ ഖമനയിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.









