യുഎഇയ്ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ദുബായ് വിമാനത്താവളങ്ങള്‍ അടച്ചു, ബുര്‍ജ് അല്‍ അറബിന് നേരെ ഡ്രോണ്‍ ആക്രമണം
ദുബായ്: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായി. യുഎഇയെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മൂന്നാം ഘട്ട മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് മേഖല അതീവ ജാഗ്രതയിലാണ്. സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും (ഡിഎക്‌സ്ബി) ദുബായ് വേള്‍ഡ് സെന്‍ട്രലിന്റെയും (ഡിഡബ്ല്യുസി) പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ദുബായിലെ പ്രശസ്തമായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിന് നേരെ വന്ന ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ഹോട്ടലിന്റെ പുറംഭാഗത്ത് നേരിയ തോതില്‍ തീപിടിത്തമുണ്ടായി. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യുഎഇയ്ക്ക് നേരെ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുബായ് മീഡിയ ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആകാശത്തുവെച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് ദുബായിലെ ജെബല്‍ അലി തുറമുഖത്തും തീപിടിത്തമുണ്ടായി. ഈ സംഭവത്തിലും ആര്‍ക്കും പരുക്കില്ല.
2021-ല്‍ ഇതേ തുറമുഖത്തുണ്ടായ തീപിടുത്തത്തിന്റെ പഴയ വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാം ജുമൈറയ്ക്ക് തെക്ക് ഭാഗത്താണ് ജെബല്‍ അലി തുറമുഖം സ്ഥിതി ചെയ്യുന്നത്.
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഏഷ്യന്‍ വിദേശി കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിലെ വാണിജ്യ വിമാനത്താവളത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രവും ഇത്തിഹാദ് എയര്‍വേയുടെ ആസ്ഥാനവുമാണ് ഈ വിമാനത്താവളം.
രാജ്യത്തിന്റെ വ്യോമപാത ഭാഗികമായി അടച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് വരരുതെന്നും അപ്‌ഡേറ്റുകള്‍ക്കായി വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ വ്യോമപാത നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചു. ഇന്നലെ ഇന്ത്യയില്‍ 410 വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് 444 വിമാനങ്ങള്‍ കൂടി റദ്ദാക്കിയേക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്നും പരാതികള്‍ക്കായി ‘എയര്‍സേവ’ വഴി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷാവസ്ഥ വര്‍ധിച്ച സാഹചര്യത്തില്‍, ഇറാന്‍, ഇസ്രായേല്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസികളുമായി ബന്ധം പുലര്‍ത്തണമെന്നും പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.









