മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ക്കയുടെ ഹെല്‍പ്പ് ഡെസ്‌ക്
തിരുവനന്തപുരം: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധസാഹചര്യം രൂക്ഷമായ പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക റൂട്ട്സാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കിയത്.
മേഖലയില്‍ യുദ്ധം വ്യാപിച്ചതിനെ തുടര്‍ന്ന് പ്രവാസി മലയാളികളും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളും വലിയ ആശങ്കയിലാണ്. ഇറാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ബഹ്റൈന്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും സംഘര്‍ഷത്തിന്റെ ആഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.
സഹായം ആവശ്യമുള്ള മലയാളി പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:
അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം: +91-8802012345
ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പര്‍: 1800-425-3939









