ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം; ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) കൊല്ലപ്പെട്ടു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച പുലര്‍ച്ചെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമേനിയുടെ മരണത്തില്‍ ഇറാന്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ആക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. ‘ഇറാനികള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാന്‍ ഇത് വലിയ അവസരമാണ്’ എന്ന് ട്രംപ് പ്രസ്താവിച്ചു. ഖമേനിയുടെ മരണം ഇസ്രായേലും സ്ഥിരീകരിച്ചു.

ഇസ്രായേല്‍ വ്യോമസേനയുടെ (ഐഎഎഫ്) ആക്രമണത്തില്‍ ഖമേനിയുടെ മകള്‍, മരുമകന്‍, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, അലി ഷംഖാനി, മുഹമ്മദ് പക്പൂര്‍ എന്നിവരുള്‍പ്പെടെ ഏഴ് മുതിര്‍ന്ന ഇറാനിയന്‍ പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഐഎഎഫ് അറിയിച്ചു.

രാജ്യത്തുടനീളമുള്ള സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശ്രേണിയും മധ്യഭാഗങ്ങളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം പൂര്‍ത്തിയാക്കിയതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു.

ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ കുറഞ്ഞത് 201 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന.

അതിനിടെ, ഖമേനിയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇറാനിയന്‍ നഗരങ്ങളില്‍ ആളുകള്‍ ഒത്തുകൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചതായും ഐഎഎഫ് റിപ്പോര്‍ട്ട് ചെയ്തു.