‘ഞങ്ങള്‍ ഒപ്പമുണ്ട്’; യുഎഇക്ക് ഐക്യദാര്‍ഢ്യവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) നേരെ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
പശ്ചിമേഷ്യയില്‍ നിലവില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് യുഎഇക്ക് നേരെ ആക്രമണം ഉണ്ടായത്. ഇസ്രായേലും അമേരിക്കയും ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിനും പിന്നാലെ മേഖലയില്‍ പിരിമുറുക്കം രൂക്ഷമായിരുന്നു.
‘എന്റെ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ചു. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ പ്രയാസകരമായ സാഹചര്യത്തില്‍ ഇന്ത്യ യുഎഇക്കൊപ്പം നിലകൊള്ളുന്നു,’ പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
സംഘര്‍ഷം ലഘൂകരിക്കാനും മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനോട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യുഎഇയിലെ ആകെ ജനസംഖ്യയുടെ 35 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരാണ് അവിടുതെ ഏറ്റവും വലിയ പ്രവാസി വിഭാഗം.
ഇതിനിടെ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ (സിസിഎസ്) അടിയന്തര യോഗവും ചേര്‍ന്നു. ഇറാന്റെ പ്രത്യാക്രമണത്തില്‍ ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.









