ടി20 ലോകകപ്പ്: സഞ്ജുവിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്: വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
മുംബൈ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിഫൈനലില്‍ കടന്നു. സഞ്ജു സാംസണിന്റെ (97*) അതിഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. സൂപ്പര്‍ 8 ഗ്രൂപ്പ് 1 ലെ അവസാന മത്സരത്തില്‍ 196 റണ്‍സ് വിജയലക്ഷ്യം 4 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഇംഗ്ലണ്ടാണ്. മറ്റൊരു സെമിയില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ നേരിടും. മാര്‍ച്ച് 5 ന് ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍. മാര്‍ച്ച് 8 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിലേക്കുള്ള ടിക്കറ്റാണ് സെമി ജേതാക്കള്‍ക്ക്.
മത്സരത്തില്‍ തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് സഞ്ജുവായിരുന്നു. അഭിഷേക് ശര്‍മ്മയുടെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു മലയാളി താരം. 50 പന്തുകളില്‍ നിന്ന് 12 ഫോറും 4 സിക്‌സും സഹിതമാണ് സഞ്ജു 97 റണ്‍സ് നേടിയത്. ടി20 ലോകകപ്പ് റണ്‍ ചേസിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന വിരാട് കോലിയുടെ റെക്കോര്‍ഡും സഞ്ജു സ്വന്തം പേരിലാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. റോസ്റ്റണ്‍ ചേസ് (40), ജേസണ്‍ ഹോള്‍ഡര്‍ (37), റോവ്മാന്‍ പവല്‍ (34) എന്നിവരുടെ ബാറ്റിംഗാണ് വിന്‍ഡീസിന് കരുത്തായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.








