ആരാധനാലയങ്ങള്‍ വളരുമ്പോള്‍… കരുണയും വിശ്വാസവും കുറയുന്നോ?
ജെയിംസ് കൂടല്‍
കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ചില മാറ്റങ്ങള്‍ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത ഒരു മാറ്റം. അപ്രതീക്ഷിതമായ മാറ്റം. പതുക്കെ, പതുക്കെ… പക്ഷേ ആഴത്തില്‍.
യുവാക്കള്‍ വലിയ തോതില്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നു. പഠനത്തിനും ജോലിക്കും ഭാവിക്കും വേണ്ടി അവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് പുറപ്പെടുന്നത്. അവരുടെ യാത്രകള്‍ വിജയത്തിന്റെ കഥകളായിരിക്കാം. എന്നാല്‍ ആ യാത്രകളുടെ പിന്നില്‍ കേരളത്തിലെ വീടുകളില്‍ പതിയുന്നത് ഒരു പുതിയ നിശ്ശബ്ദതയാണ്. വീടുകളില്‍ മാതാപിതാക്കള്‍ മാത്രം. ഒറ്റപ്പെടലിന്റെ വേദന അവര്‍ക്കുണ്ട്. ഗ്രാമങ്ങളില്‍ വയോധികരുടെ സാന്നിധ്യം വര്‍ധിക്കുന്നു. വൃദ്ധസദനങ്ങള്‍ നിറയുന്നു.
കേരളം പതുക്കെ ഒരു പുതിയ സാമൂഹിക വ്യവസ്ഥയിലേയ്ക്ക് കടക്കുകയാണ് അല്ലെങ്കില്‍ കടന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതേ സമയം മറ്റൊരു വസ്തുതയും സമൂഹത്തിന്റെ മുന്നില്‍ ചോദ്യമാകുന്നു. വിവിധ രോഗങ്ങള്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു. കാന്‍സര്‍ രോഗികളുടെ എണ്ണം ഉയരുന്നു. പ്രേമഹവും എന്തിനു എയ്ഡ്‌സ് പോലുള്ള രോഗങ്ങളും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. വൃക്കരോഗം ബാധിച്ചവര്‍ക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളില്‍ നീളുന്ന നിരകള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളെ തുറന്നു കാണിക്കുന്നു.
പാലിയേറ്റീവ് കെയര്‍, ഒരുകാലത്ത് അപൂര്‍വമായി കേട്ടിരുന്ന ഒരു പദം, ഇന്ന് കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. അവസാനഘട്ട രോഗികളായ മനുഷ്യര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസവും കരുണയും നല്‍കുന്ന ഈ സംവിധാനങ്ങള്‍ ഒരു സമൂഹത്തിന്റെ മനുഷ്യത്വത്തിന്റെ അളവുകോലുകളായി മാറുന്നുണ്ടെങ്കിലും സമൂഹത്തിന്റെ തീരാ നൊമ്പരമായി അത് മാറുന്നുണ്ട്.
പക്ഷേ ഇതേ സമയത്ത് കേരളത്തിന്റെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മറ്റൊരു കാഴ്ച കൂടി ഉയരുന്നു. പുതിയ ആരാധനാലയങ്ങള്‍.
വലിയ ഗോപുരങ്ങള്‍.
ആകാശം തൊടുന്ന കെട്ടിട സമുശ്ചയങ്ങള്‍.
ഗ്രാമാതിര്‍ത്തികളിലെല്ലാം തന്നെ കോടികള്‍ സമാഹരിച്ച് പുതിയ നിര്‍മാണങ്ങള്‍ ഉയരുന്നു. മണികൂറ്റങ്ങള്‍, അലങ്കാരങ്ങള്‍, പ്രകാശഭംഗികള്‍. വിശ്വാസത്തിന്റെ പേരില്‍, ഭക്തിയുടെ പേരില്‍, സമൂഹത്തിന്റെ അഭിമാനത്തിന്റെ പേരില്‍. ഭക്തി മനുഷ്യന്റെ ആത്മീയ യാത്രയുടെ ഭാഗമാണ്. അതില്‍ സംശയമില്ല. പക്ഷേ ഒരു ചോദ്യം സമൂഹം ചോദിക്കാന്‍ മടിക്കുന്നു. ഈ ഭീമന്‍ നിര്‍മ്മിതികള്‍ മനുഷ്യവേദന കുറയ്ക്കാന്‍ എന്താണ് ചെയ്യുന്നത്? ഒരു ഗ്രാമത്തില്‍ പുതിയ ദേവാലയം ഉയരുമ്പോള്‍ അതേ ഗ്രാമത്തില്‍ ഡയാലിസിസ് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികളും ഉണ്ട്. അവസാനഘട്ട രോഗികളുമായി കഴിയുന്ന കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണം ലഭിക്കാത്ത പ്രദേശങ്ങളും ഉണ്ട്. ഒറ്റപ്പെട്ട വയോധികര്‍ അഭയം തേടി വലയുന്ന വീടുകളും ഉണ്ട്.
സമൂഹത്തിന്റെ വിഭവങ്ങള്‍ എവിടേക്കാണ് ഒഴുകുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. കേരളത്തിന്റെ സാമ്പത്തിക ജീവിതം ദീര്‍ഘകാലമായി പ്രവാസികളുടെ അധ്വാനത്തിലാണ് നിലകൊണ്ടത്. മിഡില്‍ ഈസ്റ്റിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികള്‍ അയക്കുന്ന പണമാണ് ഈ സമൂഹത്തിന്റെ വലിയ സാമ്പത്തിക അടിത്തറ.
പക്ഷേ ലോകം മാറുകയാണ്. മിഡില്‍ ഈസ്റ്റ് വീണ്ടും സംഘര്‍ഷങ്ങളുടെ നടുവിലായി. ആഗോള സാമ്പത്തിക സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ മുന്‍ഗണനകള്‍ വീണ്ടും വിലയിരുത്തേണ്ട സമയം എത്തിയിട്ടില്ലേ മതസ്ഥാപനങ്ങള്‍ ചരിത്രപരമായി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹിക സേവനങ്ങളിലും അവ നിര്‍ണായക പങ്കുവഹിച്ചു.
പക്ഷേ ഇന്ന് ചിലിടങ്ങളില്‍ മറ്റൊരു പ്രവണതയും കാണാം. പ്രൗഢിയുടെ മത്സരം. നിര്‍മ്മിതികളുടെ ഭംഗിയില്‍ ആത്മീയതയെ അളക്കാനുള്ള ശ്രമം. മതം മനുഷ്യനെ കരുണയിലേക്കാണ് നയിക്കേണ്ടത്, ഭയത്തിലേക്കല്ല. വിശ്വാസം മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ്, അടിമത്തത്തിലേക്കല്ല അന്ധവിശ്വാസവും ഭയവും ചേര്‍ന്നുണ്ടാകുന്ന നിയന്ത്രണ സംവിധാനങ്ങള്‍ മതത്തിന്റെ യഥാര്‍ത്ഥ ആത്മാവിനോട് പൊരുത്തപ്പെടുന്നില്ല.
അവസാനം സമൂഹം ഒരു ലളിതമായ ചോദ്യത്തിന് മുന്നിലാണ്. നമ്മള്‍ ഉയര്‍ത്തേണ്ടത് കൂടുതല്‍ ഗോപുരങ്ങളാണോ. അല്ലെങ്കില്‍ മനുഷ്യവേദന കുറയ്ക്കുന്ന സ്ഥാപനങ്ങളോ. കാരണം ഒരു സമൂഹത്തിന്റെ ആത്മീയത അതിന്റെ കെട്ടിടങ്ങളുടെ ഉയരത്തില്‍ അല്ല, മനുഷ്യന്റെ വേദനയോട് കാണിക്കുന്ന കരുണയിലാണ്.



