ഹോര്‍മുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേയ്ക്ക്

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, വലിയ അളവില്‍ അസംസ്‌കൃത എണ്ണയുമായി രണ്ട് കപ്പലുകള്‍ ഇന്ത്യയിലെത്തി. ഏകദേശം 30 ലക്ഷം ബാരല്‍ എണ്ണയാണ് ഈ കപ്പലുകളില്‍ ഉള്ളത്. സംഘര്‍ഷം ആരംഭിച്ച ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്ന ആദ്യ വിദേശ എണ്ണക്കപ്പലുകളാണിത്.

സൗദി അറേബ്യയില്‍ നിന്ന് 10 ലക്ഷം ബാരല്‍ എണ്ണയുമായി വന്ന ലൈബീരിയന്‍ പതാകയുള്ള ഷെന്‍ലോംഗ് എന്ന കപ്പലും ഇറാഖില്‍ നിന്ന് 20 ലക്ഷം ബാരല്‍ എണ്ണയുമായി എത്തിയ ഇന്ത്യന്‍ പതാകയുള്ള മറ്റൊരു കപ്പലുമാണ് ഇന്ത്യയിലെത്തിയത്. മുംബൈ തുറമുഖത്താണ് രണ്ടു കപ്പലുകളും എത്തിയതെന്ന് കപ്പല്‍ ട്രാക്കിംഗ് ഡാറ്റയും വ്യവസായ സ്രോതസ്സുകളും വ്യക്തമാക്കുന്നു. രണ്ടാമത്തെ കപ്പല്‍ മുംബൈയില്‍ നിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്ക് തിരിക്കുമെന്നാണ് വിവരം.

കഴിഞ്ഞ അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതെന്നാണ് വിവരം. ഫെബ്രുവരി 28ന് സംഘര്‍ഷം തുടങ്ങിയ ശേഷം ചൈനയിലേക്കുള്ള ഇറാന്‍ കപ്പലുകള്‍ക്ക് മാത്രമാണ് ഈ വഴി കടന്നുപോകാന്‍ അനുമതി ലഭിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍ എത്തിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ധന കപ്പലുകള്‍ എത്തുമെന്ന പ്രതീക്ഷ നല്‍കുന്നു.

ഇന്ത്യയിലേക്കുള്ള എണ്ണ, എല്‍പിജി കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യ ഇറാനുമായി ചര്‍ച്ച നടത്തിവരികയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് തവണ സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. കപ്പലുകളുടെ സുരക്ഷയും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയും ചര്‍ച്ച ചെയ്തതായാണ് വിവരം.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോള്‍ ഈ കപ്പലുകള്‍ തങ്ങളുടെ തിരിച്ചറിയല്‍ സംവിധാനമായ എഐഎസ് ഓഫ് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണി ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. കടലിടുക്ക് പിന്നിട്ട ശേഷമാണ് കപ്പലുകള്‍ സിഗ്‌നലുകള്‍ വീണ്ടും ഓണ്‍ ചെയ്തത്.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും എല്‍പിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എട്ട് ആഴ്ചത്തേക്കുള്ള സ്റ്റോക്ക് ഇന്ത്യയിലുണ്ടെങ്കിലും പാചകവാതകത്തിന്റെ കാര്യത്തില്‍ രാജ്യം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന എല്‍പിജി കപ്പലുകള്‍ കൂടി വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തുകയാണെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടിന് പരിഹാരമാകും.