പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ആക്രമണം: 400 പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍
ഇസ്താംബുള്‍: പാക്കിസ്ഥാന്‍ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ആരോപിച്ചു. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രവിശ്യകളില്‍ തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ സര്‍ക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഹമദുള്ള ഫിറ്ററാറ്റ് ആരോപിച്ചു.
എന്നാല്‍ തങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് കൃത്യമായ ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്ക് സാങ്കേതിക സഹായവും ആയുധ സൗകര്യവും ഒരുക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമെന്ന് പാക് സൈന്യം അറിയിച്ചു. നിരപരാധികളായ പാക് പൗരന്മാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന കേന്ദ്രങ്ങളെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും വ്യക്തമാക്കി.
2000 കിടക്കകളുള്ള ഒരു വലിയ ആശുപത്രിയാണ് തകര്‍ത്തതെന്ന് താലിബാന്‍ ആരോപിക്കുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണവിധേയമാക്കാനും മൃതദേഹങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും താലിബാന്‍ വക്താവ് അറിയിച്ചു. തീയണക്കാന്‍ അഗ്‌നിശമനസേനയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവിഭാഗങ്ങളും നല്‍കുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്.






