ഇറാന്റെ മിസൈലുകള്‍ യൂറോപ്പിനും ഭീഷണി; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ലോകം ഒന്നിക്കണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനം
ജറുസലേം: പശ്ചിമേഷ്യയില്‍ ഇറാന്റെ ഭീഷണി ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ അത്യാധുനിക മിസൈലുകള്‍ക്ക് യൂറോപ്യന്‍ നഗരങ്ങളെ ലക്ഷ്യമാക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ ഭീഷണി ഇസ്രായേലില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, ടെഹ്‌റാനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം അണിനിരക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ക്ക് 4,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. ”ഞാന്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമാവുകയാണ്. ഇപ്പോള്‍ യൂറോപ്പിലെ പ്രധാന നഗരങ്ങളെപ്പോലും നേരിട്ട് ലക്ഷ്യമാക്കാന്‍ അവര്‍ക്ക് സാധിക്കും. ഈ ഭീഷണി ഇസ്രായേലിന് മാത്രമുള്ളതല്ല, ലോകം മുഴുവനെയാണ് അവര്‍ ലക്ഷ്യം വച്ചിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടന്ന സംഭവങ്ങള്‍ ഇറാന്‍ ലോകത്തിന് മുഴുവനുമുള്ള ഭീഷണിയാണെന്നതിന്റെ തെളിവാണെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. ജനവാസമേഖലകള്‍ ലക്ഷ്യമാക്കി വന്‍ നരഹത്യയ്ക്കാണ് ഇറാന്‍ ശ്രമിച്ചതെന്നും, ഭാഗ്യത്തിന് മാത്രമാണ് ആരും കൊല്ലപ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇറാന്റെ കരുണയല്ല, മറിച്ച് യാദൃശ്ചികത മാത്രമാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ആഗോള ഊര്‍ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് ഇറാന്‍ ലോകരാജ്യങ്ങളെയാകെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ഈ പാത അടച്ചാല്‍ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കും ഊര്‍ജ സുരക്ഷയ്ക്കും ഗുരുതരമായ ആഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രായേലും അമേരിക്കയും മുഴുവന്‍ ലോകത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ നെതന്യാഹു, ഇറാനെതിരായ പോരാട്ടത്തില്‍ മറ്റു ലോകരാജ്യങ്ങളിലെ നേതാക്കളും ഒന്നിച്ചുചേരണമെന്ന് ആവശ്യപ്പെട്ടു.








