15 ഇന പദ്ധതി തള്ളി ഇറാന്‍; അഞ്ച് നിബന്ധനകള്‍ മുന്നോട്ടുവെച്ച് ടെഹ്റാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച 15-പോയിന്റ് പദ്ധതി ഇറാന്‍ നിരസിച്ചു. അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ഇറാന്‍, അഞ്ച് സ്വന്തം വ്യവസ്ഥകള്‍ മുന്നോട്ടുവച്ചു.

പാക്കിസ്ഥാന്‍ വഴിയാണ് അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ ഇറാന് കൈമാറിയത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിശ്ചയിക്കുന്ന സമയപരിധിക്കോ വ്യവസ്ഥകള്‍ക്കോ അനുസരിച്ച് യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇറാന്‍ മുന്നോട്ടുവച്ച അഞ്ച് വ്യവസ്ഥകള്‍ ഇവയാണ്:

ഇറാനെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും പൂര്‍ണ്ണമായും അവസാനിപ്പിക്കുക.
ഭാവിയില്‍ ഇറാനെതിരെ യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ വ്യക്തമായ സംവിധാനങ്ങള്‍ രൂപീകരിക്കുക.
യുദ്ധത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക.
മേഖലയിലെ എല്ലാ സായുധ പ്രതിരോധ സംഘടനകള്‍ക്കെതിരായ ആക്രമണങ്ങളും അവസാനിപ്പിക്കുക.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുക.

യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും, തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമുള്ളൂവെന്നുമാണ് ഇറാന്റെ നിലപാട്. ഇറാന്റെ ആണവ പദ്ധതികള്‍ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി പൂര്‍ണ്ണമായും തുറന്നുകൊടുക്കുക തുടങ്ങിയ വ്യവസ്ഥകളാണ് അമേരിക്ക മുന്നോട്ടുവച്ചതെന്നാണ് സൂചന.

ഇതിനിടെ, ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. അതേസമയം, ഇറാന്‍ തങ്ങളുടെ അറബ് അയല്‍രാജ്യങ്ങള്‍ക്കുമേലുള്ള സമ്മര്‍ദ്ദം തുടരുകയാണ്. സൗദി അറേബ്യയുടെ എണ്ണസമൃദ്ധമായ കിഴക്കന്‍ പ്രവിശ്യയില്‍ എട്ടോളം ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനില്‍ മിസൈല്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. കുവൈത്ത് ഒന്നിലധികം ഡ്രോണുകള്‍ വെടിവെച്ചിട്ടെങ്കിലും, ഒരെണ്ണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കില്‍ പതിച്ച് തീപിടിത്തമുണ്ടായതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.