ഹോര്‍മുസ് കടക്കാന്‍ ഇന്ത്യ പണമൊന്നും നല്‍കിയിട്ടില്ല?
ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനായി പണമൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എല്‍.പി.ജിയുമായി എത്തിയ ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തോടാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം.
അന്താരാഷ്ട്രപാതയെന്ന നിലയില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ പ്രത്യേകമായി പണമൊന്നും നല്‍കേണ്ടതില്ലെന്ന് ഷിപ്പിങ് മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. അന്താരാഷ്ട്ര കണ്‍വെന്‍ഷനിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഹോര്‍മുസ് കടക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയിലേക്ക് കൂടുതല്‍ ഇന്ധനമെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കുകയാണ്. നിരവധി കപ്പലുകളാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നത്. അഞ്ച് എല്‍.പി.ജി ടാങ്കറുകള്‍ ഇന്ധനം നിറച്ച് ഇന്ത്യയിലേക്ക് വരാനായി തയാറായി നില്‍ക്കുന്നുണ്ടെന്നും രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. വൈകാതെ അവ ഇന്ത്യയിലെത്തുമെന്ന സൂചനയും ഷിപ്പിങ് മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി നല്‍കി.
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ കുടുങ്ങി കിടക്കുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കുടുങ്ങി കിടക്കുന്ന കപ്പലുകളില്‍ ഇന്ത്യക്കാരാണ് ജീവനക്കാരായി ഉള്ളത്. ഇതാണ് നടമ്മുടെ ആശങ്കക്ക് കാരണം. യുദ്ധം തുടങ്ങിയതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളുടെ തലവന്‍മാരുമായി രണ്ട് തവണ ഫോണില്‍ സംസാരിച്ചു. യു.എസ്, ഇറാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ച നടത്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു.
മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുകയും ഹോര്‍മുസ് തുറക്കുക എന്നതുമാണ് നമ്മുടെ ലക്ഷ്യം. ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടേയും സമാധാനം പുനഃസ്ഥാപിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇന്ധനപ്രതിസന്ധിയില്ലെന്നും വിവിധ രാജ്യങ്ങളില്‍ നിന്നായി 62 മെട്രിക് ടണ്‍ പെട്രോളിയം ഉല്‍പന്നം എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




