ആഴ്ചയില്‍ 100 ദശലക്ഷം ഉപയോക്താക്കള്‍; ചാറ്റ് ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ
ചാറ്റ് ജിപിടിക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ സ്വീകാര്യത. പ്രതിവാരം 100 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി ചാറ്റ് ജിപിടിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയതായി ഓപ്പണ്‍എഐ അറിയിച്ചു.
എഐയോടുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പര്യമാണ് ഉപയോക്താക്കളുടെ എണ്ണത്തിലെ കുതിച്ചുചാട്ടത്തിന് കാരണം. ഇന്ത്യയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് മുന്നോടിയായാണ് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ചാറ്റ് ജിപിടിയുടെ ആഗോള വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളില്‍ ഒന്നാണ് ഇന്ത്യയെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ ആള്‍ട്ട്മാന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ചാറ്റ് ജിപിടിയുടെ ആഗോള പ്രതിവാര സജീവ ഉപയോക്താക്കളുടെ എണ്ണം 800 ദശലക്ഷം കവിഞ്ഞിരുന്നു. നിലവില്‍ ഇത് 900 ദശലക്ഷത്തിലേക്ക് അടുക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളില്‍ ചാറ്റ് ജിപിടി ലഭ്യമായത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ഉപയോക്തൃനിര വര്‍ധിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ ഇപ്പോള്‍ ചാറ്റ് ജിപിടിക്ക് മികച്ച രീതിയില്‍ ആശയവിനിമയം നടത്താനാകും. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ഐടി ജീവനക്കാര്‍ എന്നിവരാണ് ഇന്ത്യയില്‍ ചാറ്റ് ജിപിടിയുടെ പ്രധാന ഉപയോക്താക്കള്‍.









