യേശുക്രിസ്തുവിന്റെ ടൂറിനിലെ ശവക്കച്ച പിന്നില്‍ സിന്ധുനദീതട ബന്ധമോ?

ക്രിസ്തുവിന്റെ ക്രൂശീകരണശേഷം അദ്ദേഹത്തിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ടൂറിന്‍ കഫനില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട ജനിതക സാന്നിധ്യം കണ്ടെത്തിയതായി പുതിയ പഠനം. ഇന്ത്യന്‍ വംശജരുടെ ഡിഎന്‍എ ഈ തുണിയില്‍ എത്തിച്ചേര്‍ന്നത് പുരാതന തുണിവ്യാപാരത്തിലൂടെയാകാമെന്നാണ് ഗവേഷകരുടെ നിഗമനം.

കഫനില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകളില്‍ 38.7 ശതമാനവും ഇന്ത്യന്‍ മാതൃവംശജരുമായി ബന്ധപ്പെട്ടതാണ്. ഈ കണ്ടെത്തല്‍ ഗവേഷകര്‍ക്ക് തന്നെ അപ്രതീക്ഷിതമായിരുന്നു. സിന്ധുനദീതട പ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ലിനന്‍ അല്ലെങ്കില്‍ നൂലുകളില്‍ നിന്നായിരിക്കാം ഈ ഡിഎന്‍എ ലഭിച്ചത്. റാബിനിക്കല്‍ ഗ്രന്ഥങ്ങളില്‍ ഈ പ്രദേശത്തെ ‘ഹിന്ദോയിന്‍’ എന്നാണ് വിളിച്ചിരുന്നത്.

ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ക്കും കരകൗശലവസ്തുക്കള്‍ക്കും പേരുകേട്ട സിന്ധുനദീതടം ചരിത്രാതീതകാലം മുതലേ പശ്ചിമേഷ്യ, മധ്യകാല യൂറോപ്പ് എന്നിവിടങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു. കഫനിലെ ഡിഎന്‍എയില്‍ 55.6 ശതമാനവും പശ്ചിമേഷ്യന്‍ വംശജരുടേതാണ്. എന്നാല്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ ഡിഎന്‍എ 5.5 ശതമാനത്തില്‍ താഴെ മാത്രം.

കഫന്റെ ചരിത്രവും നിഗൂഢതയും
4.4 മീറ്റര്‍ നീളവും 1.1 മീറ്റര്‍ വീതിയുമുള്ള ലിനന്‍ തുണിയാണ് ടൂറിന്‍ കഫന്‍. ക്രിസ്തുവിന്റെ ശരീരത്തിന്റെ മുറിവുകളും രൂപവും ഇതില്‍ പതിഞ്ഞിട്ടുണ്ട്. ഫ്രാന്‍സിലെ ലിറി ഗ്രാമത്തിലാണ് ഇതിന്റെ ആദ്യ രേഖകള്‍ ലഭ്യമാകുന്നത് (1354 മുതല്‍). 1683 മുതല്‍ ഇറ്റലിയിലെ ടൂറിന്‍ നഗരത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി പലരും ഇത് ഒരു അത്ഭുതമായി കരുതുന്നു, എന്നാല്‍ വ്യാജമാണെന്ന് വാദിക്കുന്നവരും ഉണ്ട്.

കാലഘട്ടം വ്യക്തമല്ല
കഫനില്‍ കണ്ടെത്തിയ ഇന്ത്യന്‍ ഡിഎന്‍എ ഏത് കാലഘട്ടത്തിലെ സമ്പര്‍ക്കം മൂലമാണെന്ന് വ്യക്തമല്ല. ക്രിസ്തുവര്‍ഷം 33-ലോ, അതോ 1354-ന് മുമ്പോ ശേഷമോ എന്ന് പറയാനാകില്ല. വിവിധ കാലഘട്ടങ്ങളിലെ സമ്പര്‍ക്കം മൂലം യഥാര്‍ത്ഥ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇത് യേശുവിന്റേതാണോ എന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

ജൈവ അടയാളങ്ങളും പുതിയ കണ്ടെത്തലുകളും
നൂറ്റാണ്ടുകളിലെ സാമൂഹിക-സാംസ്‌കാരിക-പാരിസ്ഥിതിക ഇടപെടലുകളുടെ ജൈവ അടയാളങ്ങള്‍ കഫനില്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ മേഖലയിലെ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഡിഎന്‍എ അംശങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, അമേരിക്കയില്‍ നിന്നുള്ള ഉരുളക്കിഴങ്ങ്, ചോളം തുടങ്ങിയ സസ്യങ്ങളുടെ സാന്നിധ്യവും കണ്ടു. എന്നാല്‍, പുരാതന മധ്യപൂര്‍വ്വ പ്രദേശങ്ങളുമായി മാത്രം ബന്ധപ്പെട്ട സസ്യജാലങ്ങളുടെ യാതൊരു അടയാളവും കണ്ടെത്താനായില്ല എന്നത് ശ്രദ്ധേയമാണ്.

ഇറ്റാലിയന്‍ ഗവേഷകന്‍ ജിയാനി ബര്‍ക്കാസിയയുടെ നേതൃത്വത്തിലുള്ള പഠനം ‘DNA Traces on the Shroud of Turin: Metagenomics of the 1978 Official Sample Collection’ എന്ന പേരില്‍ bioRxiv പ്രീ-പ്രിന്റ് സര്‍വറില്‍ പ്രസിദ്ധീകരിച്ചു.