ഹോര്‍മുസില്‍ ഒളിച്ചിരിക്കുന്ന മരണക്കെണിയെകുറിച്ച് അറിയാം
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിച്ച നാവിക മൈനുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കാനാകാതെ ഇറാന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാനുള്ള സാങ്കേതിക ശേഷി ഇറാനില്ലാത്തത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ സമുദ്ര പാതയില്‍ മൈനുകള്‍ വിന്യസിച്ചത്. ലോകത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്തിരുന്ന ജലപാത, എണ്ണ ടാങ്കറുകള്‍ക്കു നേരെയുള്ള ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും മിസൈല്‍, നാവിക മൈന്‍ ആക്രമണങ്ങളിലൂടെയും ഇറാന്‍ തടഞ്ഞിരുന്നു.
വെടിനിര്‍ത്തലിനു പിന്നാലെ, സാങ്കേതിക പരിമിതികള്‍ കണക്കിലെടുത്ത് കപ്പലുകളെ കടന്നുപോകാന്‍ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രസ്താവിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ, ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ വീണ്ടും കടലിടുക്ക് അടച്ചു. അതേസമയം, ഇസ്ലാമാബാദിലെ സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ പോലും, മൈനുകളുടെ സാന്നിധ്യം വരും മാസങ്ങളിലും ആഗോള കപ്പല്‍ ഗതാഗതത്തെയും ലോക സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്ന് ഉറപ്പാണ്.
പതിനാലാം നൂറ്റാണ്ടില്‍ ചൈനയിലാണ് നാവിക മൈനുകള്‍ ആദ്യമായി ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. കടലിനടിയില്‍ ഒളിപ്പിച്ചുവെക്കുന്ന ഈ സ്‌ഫോടകവസ്തുക്കള്‍ അന്തര്‍വാഹിനികളെയും കപ്പലുകളെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ശത്രുരാജ്യത്തിന്റെ കപ്പലുകള്‍ ഒരു പ്രത്യേക മേഖലയിലേക്ക് കടക്കുന്നത് തടയാന്‍ ഇവ ഉപയോഗിക്കുന്നു.
അമേരിക്കയുടെ കണക്കനുസരിച്ച് ഇറാന്റെ കൈവശം 5,000 മുതല്‍ 6,000 വരെ നാവിക മൈനുകളുണ്ട്. ചെറിയ വേഗതയേറിയ ബോട്ടുകള്‍ ഉപയോഗിച്ച് ഇവ അതിവേഗം ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിക്കാന്‍ ഇറാനു സാധിക്കും. ഹോര്‍മുസ് കടലിടുക്കിന്റെ ആഴം കുറഞ്ഞ പ്രകൃതി (ഏകദേശം 45 മീറ്റര്‍) മൈനുകള്‍ വിന്യസിക്കാന്‍ ഇറാനെ സഹായിക്കുന്നു. നിലവിലെ യുദ്ധത്തില്‍ ഇറാന്‍ ഏകദേശം പന്ത്രണ്ടോളം മൈനുകള്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
1988-ലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇറാന്‍ 150 ഓളം മൈനുകള്‍ കടലിടുക്കില്‍ സ്ഥാപിച്ചിരുന്നു. മൈന്‍ തട്ടി അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സാമുവല്‍ ബി. റോബര്‍ട്ട്‌സ് ഏതാണ്ട് മുങ്ങുന്ന അവസ്ഥയിലായിരുന്നു.





