ഇസ്ലാമാബാദില്‍ യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം
ന്യൂഡല്‍ഹി: ആഴ്ചകളായി നീണ്ടുനിന്ന സംഘര്‍ഷത്തിന് അറുതിവരുത്താനുള്ള നിര്‍ണായക യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ആരംഭിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘവും ഇറാനിയന്‍ പ്രതിനിധികളും ശനിയാഴ്ച മധ്യസ്ഥരുമായി ചര്‍ച്ചയ്ക്കായി ഒത്തുകൂടി.
ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറിന് ശക്തി പകരാനും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച. എന്നാല്‍, ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ മരവിപ്പിച്ച ഇറാനിയന്‍ ആസ്തികളെച്ചൊല്ലിയുള്ള തര്‍ക്കവും ഇറാന്‍ മുന്നോട്ടുവച്ച കര്‍ശന നിബന്ധനകളും അന്തരീക്ഷം വഷളാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഖത്തറിലും മറ്റു വിദേശ ബാങ്കുകളിലുമുള്ള ഇറാന്റെ ആസ്തികള്‍ മരവിപ്പിക്കുന്നത് ഒഴിവാക്കാന്‍ വാഷിങ്ടണ്‍ സമ്മതിച്ചതായി ഇറാനിയന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടെങ്കിലും, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇത് നിഷേധിച്ചു. 2018-ല്‍ മരവിപ്പിക്കുകയും പിന്നീട് ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ബൈഡന്‍ ഭരണകൂടം വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ഏകദേശം 600 കോടി ഡോളറിന്റെ ആസ്തികളെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുള്‍പ്പെടുന്ന സംഘം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായും കൂടിക്കാഴ്ച നടത്തിയതായി ഇറാന്‍ സര്‍ക്കാര്‍ മാധ്യമമായ പ്രസ് ടിവിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാത്ത പത്ത് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവച്ചത്.
അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം, മരവിപ്പിച്ച മുഴുവന്‍ ആസ്തികളും തിരിച്ചുനല്‍കല്‍, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കൃത്യമായ സംവിധാനം, ലെബനനിലെ ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ എന്നീ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവച്ചത്.
മുന്‍ ചര്‍ച്ചകളില്‍ തിരിച്ചടികള്‍ നേരിട്ടതിനാല്‍ അമേരിക്കയോട് വലിയ അവിശ്വാസമാണെന്ന് വിദേശകാര്യ മന്ത്രി അരാഗ്ചി മുന്നറിയിപ്പ് നല്‍കിയതായി എപി റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് ഈ ചര്‍ച്ചകള്‍ വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.









