വി. മദര്‍ തെരേസയോടുള്ള സ്‌നേഹം വിരല്‍ തുമ്പില്‍ ആവാഹിച്ച് വിയന്ന മലയാളി ജോണ്‍ ചാക്കോ
ആര്‍ക്കും വേണ്ടാത്തവര്‍ക്ക് കാരുണ്യമായി അവതരിച്ച മദര്‍ തെരേസ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍, വിയന്നയിലെ ഈ പ്രവാസി മലയാളിയും സന്തോഷിക്കുകയാണ്. കാലാകാരനായ ജോണ്‍ ചാക്കോ പള്ളിക്കുന്നേലാണ് വി. മദര്‍ തെരേസയോടുള്ള സ്‌നേഹവും അവര്‍ ഭാരതത്തില്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്വന്തം കലാജീവിതത്തിന്റെ ഭാഗമാക്കിയത്.
1974 മുതല്‍ മദറിന്റെ പ്രവര്‍ത്തനങ്ങളെ അറിയാനും, ഉപവിയുടെ സഹോദരങ്ങള്‍ ഭാരതത്തില്‍ ചെയ്തു വന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും ആര്‍ട്ടിസ്റ്റ് ജോണിന് അവസരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിയന്നയില്‍ എത്തിയപ്പോഴും മദര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അനാഥരായി കല്‍ക്കട്ടയിലെ തെരുവില്‍ നിന്നും കിട്ടിയ നാല്പതോളം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഉണ്ടായത് ഓസ്ട്രിയയിലെ കുടുംബങ്ങളില്‍ ആയിരുന്നു.
ഭാരതത്തില്‍ നിന്നും ദത്തെടുത്ത് ഓസ്ട്രിയയിലേക്ക് കൊണ്ടുവന്ന ഈ കുട്ടികളെ ഭാരതത്തിലെ കാര്യങ്ങള്‍ പഠിപ്പിക്കാനും, ഇന്ത്യന്‍ ആര്‍ട്ട് പരിചയപ്പെടുത്താനും ജോണിന് യൂറോപ്പില്‍ അവസരം ലഭിച്ചു. ഓസ്ട്രിയയിലെ കുടുംബങ്ങളില്‍ ജീവിച്ചു യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി ആ കുട്ടികള്‍ വളരുമ്പോഴും, അവരെ ജനിച്ച നാടിന്റെ പൈതൃകം അഭ്യസിപ്പിക്കാന്‍ ഈ കുടുംബങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഇന്ത്യന്‍ കലാരൂപങ്ങള്‍ അഭ്യസിപ്പിക്കാനും, ഭാരതത്തിലെ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കുട്ടികളുടെ കൈകളില്‍ മെഹന്തിയായി ഇടാനും, രാധ അഞ്ജലി പോലെയുള്ള നൃത്തഗുരുക്കളുടെ സഹായത്തോടെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം ഈ കുട്ടികള്‍ക്ക് അഭ്യസിപ്പിക്കാനും നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.
ഈ കാലഘട്ടങ്ങളില്‍ ജോണ്‍ വി. മദര്‍ തെരേസയുടെ നിരവധി ചിത്രങ്ങള്‍ ഈ കുട്ടികളുമായി ചേര്‍ന്ന് വരയ്ക്കുകയും മദറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ഇവരിലൂടെ ഓസ്ട്രിയയിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. കാനഡയില്‍ നടന്ന ഒരു ചിത്ര പ്രദര്‍ശനത്തില്‍ മദറിന്റെ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഓസ്ട്രിയയില്‍ നടന്ന മറ്റൊരു പ്രദര്‍ശനത്തില്‍ ജോണ്‍ വരച്ച മദറിന്റെ ഒരു ചിത്രം വലിയ തുകയ്ക്ക് ചിലര്‍ വാങ്ങുകയും, ആ ചിത്രം ലോവര്‍ ഓസ്ട്രിയയിലെ ഒരു കപ്പേളയുടെ അള്‍ത്താരയില്‍ ഇന്നും പ്രതിഷ്ഠിച്ചു വച്ചിട്ടുമുണ്ട്.
വി. മദര്‍ തെരേസ മരിച്ചപ്പോള്‍, അന്ത്യാഞ്ജലിയായി അദ്ദേഹം വരച്ച ചിത്രങ്ങളില്‍ ഓസ്ട്രിയയിലെ നിരവധി കുട്ടികളുടെ കൈപ്പത്തികളും, കാല്‍പ്പാടുകളും അദ്ദേഹം പകര്‍ത്തി. വിവിധ വര്‍ണ്ണങ്ങളില്‍ ചാലിച്ച ഈ പ്രതിച്ഛായകള്‍ വിവിധ സംസ്‌കാരങ്ങളെയും സമാധാനത്തെയും പ്രചരിപ്പിക്കാനുള്ള വര്‍ക്ക്‌ഷോപ്പുകളായിട്ടാണ് അദ്ദേഹം സംഘടിപ്പിച്ചത്. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ വിയന്നയില്‍ എത്തിയപ്പോള്‍ അദ്ദേഹം കോറിയിട്ട മദറിന്റെ ഈ ചിത്രം മാര്‍പാപ്പയെ കാണിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
ജോണ്‍ കലാരംഗത്ത് പ്രതേകിച്ചു ചിത്രരചനാ രംഗത്താണ് ഏറെ പഠിച്ചിട്ടുള്ളതും, പഠിപ്പിച്ചട്ടുള്ളതും. മ്യൂറല്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഓസ്ട്രിയയിലെ തിരുഹൃദയ സന്യാസിനിമാരുടെ സ്‌കൂളില്‍ ചിത്രരചന അധ്യാപകന്‍ കൂടിയാണ്. മ്യൂറല്‍ പെയിന്റിംഗില്‍ ശ്രദ്ധേയമായ ആവിഴ്ക്കാരങ്ങള്‍ സൃഷ്ടിക്കുകയും, ഇന്ത്യയുടെ ”നാനാത്വത്തില്‍ ഏകത്വം” എന്ന ആശയത്തെ ഓസ്ട്രിയയിലെ വിവിധ സ്‌കൂളുകളില്‍ പെയിന്റിംഗ് വര്‍ക്ക് ഷോപ്പിലൂടെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയട്ടുണ്ട്.
ഭാരതീയ ആത്മീയതയും, ക്രൈസ്തവ വിശ്വാസവും ഇഴചേര്‍ത്ത ആവിഴ്കാരങ്ങളാണ് (ഇന്ത്യന്‍ ക്രിസ്ത്യന്‍ ആര്‍ട്ട്) ജോണിന്റെ മേഖല. പ്രൊഫ. കെ. ജി. സുബ്രമണ്യന്‍, ഫാ. മാത്യു ലെതര്‍ലെ, ജ്യോതി സാഹി, അമേരിക്കന്‍ പാസ്റ്ററായ നവോമി റേ തുടങ്ങിയവരുമായുള്ള സഹവാസം ഇന്ത്യന്‍ ക്രിസ്ത്യന്‍ ആര്‍ട്ടില്‍ ഒരു മൂവ്‌മെന്റ് എന്ന നിലയില്‍ ചിത്രരചനയെ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തതാന്‍ കഴിഞ്ഞതും ആദ്ദേഹത്തിന്റെ നേട്ടങ്ങളാണ്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ജീവിച്ച അനുഭവും, നാഗ്പ്പൂര്‍, വിയന്ന തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തിരുന്ന മദര്‍ തെരേസ സന്യാസിനിമാരുമായുള്ള ബന്ധമാണ് മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളോട് അദ്ദേഹം ആകൃഷ്ടനായതും, വരയ്ക്കാനുള്ള കഴിവ് മദറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പരസ്യപ്പെടുത്തുന്നതിനു പ്രേരണയായതും. വി. മദര്‍ തെരേസയുടെ ജീവിതവും, ഇന്ത്യന്‍ ക്രിസ്ത്യന്‍ ആര്‍ട്ട് രൂപങ്ങളും ഉള്‍കൊള്ളിച്ചു ഓസ്ട്രിയയിലെ പൊതുജനങ്ങള്‍ക്കായി പുതിയ പ്രോജെക്റ്റുകളും അദ്ദേഹത്തിന്റെ പദ്ധതിയില്‍ ഉണ്ട്.