പ്രവാസികള്‍ക്ക് തിരിച്ചടിയായി ; ഫാമിലി വിസ ശമ്പള പരിധി കുത്തനെ കൂട്ടി കുവൈറ്റ്

kuwait-visa-w2ktകുവൈത്ത് സിറ്റി : പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കുന്നതിനുള്ള ശമ്പളപരിധി 250 ദിനാറില്‍നിന്ന് 450 ദിനാറാക്കി വര്‍ദ്ധിപ്പിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസബാഹ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം സംബന്ധിച്ച ഉച്ചരവുള്ളത്. രാജ്യത്ത് കുടുംബവിസയില്‍ വിദേശികള്‍ എത്തുന്നത് കുറയ്ക്കുന്നതിന് പുതിയ ഉത്തരവ് സഹായിക്കും. എന്നാല്‍ കുടുംബ വിസയില്‍ കഴിയുന്നവരെയും കുവൈത്തില്‍ ജനിച്ച കുട്ടികളെയും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് റസിഡന്‍ഷ്യല്‍ വകുപ്പ് ഡയരക്ടര്‍ ജനറലിന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടായിരിക്കും. 14 വിഭാഗങ്ങളെ കുറഞ്ഞ ശമ്പളപരിധിയില്‍നിന്ന് ഒഴിവാക്കിയതായാണ് ഉത്തരവില്‍ പരാമര്‍ശിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍, ന്യായാധിപര്‍, പ്രോസിക്യൂഷന്‍ അംഗങ്ങള്‍, ഗവേഷകര്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, മനഃശാസ്ത്ര വിദഗ്ധര്‍, ലാബ് ടെക്‌നീഷ്യര്‍, ആരോഗ്യമന്ത്രാലയത്തിലെ നേഴ്‌സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഹെല്‍ത്ത് ടെക്‌നീഷ്യന്മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, എന്‍ജിനിയര്‍മാര്‍, ജുമുഅ പ്രഭാഷകര്‍, ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍, പള്ളി ഇമാമുമാര്‍, ബാങ്കുവിളിക്കുന്നവര്‍ എന്നിവര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമല്ല. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍, പൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, കായികപരിശീലകര്‍, സ്‌പോര്‍ട്‌സ് യൂണിയനുകള്‍ക്കും ക്ലബ്ബുകള്‍ക്കും കീഴിലെ കളിക്കാര്‍, മൃതദേഹങ്ങളുടെ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കും 450 ദിനാര്‍ ശമ്പളപരിധി ബാധകമായിരിക്കില്ല. കുവൈത്ത് നിയമമനുസരിച്ച് റസിഡന്‍സി പെര്‍മിറ്റുള്ള ഏതൊരാള്‍ക്കും ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കുവൈത്തില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് തടസ്സമില്ല. നേരത്തെ 400 ദിനാര്‍ പരിധിയുണ്ടായിരുന്ന കുടുംബവിസ 2004 മുതലാണ് 250 ദിനാറായി കുറച്ചത്. അത് വീണ്ടും വര്‍ധിപ്പിച്ചതോടെ കുറഞ്ഞ വരുമാനക്കാരായ ഭൂരിപക്ഷംവരുന്ന പ്രവാസികള്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കും. കുടുംബവിസ ലഭിക്കാനുള്ള ശമ്പളപരിധി ഉയര്‍ത്തിക്കൊണ്ടുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവും.