കെ ബാബുവിനെ വിജിലന്‍സ് ചോദ്യംചെയ്തു
കൊച്ചി : മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ നേതാവ് വി എം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.
കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ പതിനൊന്ന് മണിയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബാര്‍ ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും ബെവ്കോ ഔട്ട് ലേറ്റുകള്‍ അടച്ചു പൂട്ടുന്നതിലും കെ ബാബു വഴിവിട്ട് ഇടപെട്ട് കോടികള്‍ സമ്പാദിച്ചു എന്നാണ് കേസ്. വരും ദിവസങ്ങളിലും ബാബുവിനെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യ നയം മൂലം നഷ്ടമുണ്ടായ ചില ബാറുടമകളുടെ ഗൂഢാലോചനയാണ് കേസെന്നായിരുന്നു ചോദ്യം ചെയ്യലിന് മുന്‍പ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബാബു , കേസിന്‍റെ ഉദ്ദേശ്യ ശുദ്ധിയേയും അന്വേഷണത്തിന്‍റെ വിശ്വാസ്യതയേയുംചോദ്യം ചെയ്താണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പൂട്ടേണ്ട ബിവറേജസ് ഔട്ട് ലെറ്റുകളുടെ പട്ടിക തയ്യാറാക്കിയത് ചില ബാറുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തിലായിരുന്നുവെന്ന വി എം രാധാകൃഷ്ണന്‍റെ ആരോപണത്തോട് രാധാകൃഷ്ണനും ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ബാബുവിന്‍റെ പ്രതികരണം.