കോഴി നികുതി വെട്ടിപ്പ് ; വിജിലൻസ് നിയമോപദേശകനെതിരെ അന്വേഷണം വരുന്നു
തിരുവനന്തപുരം : കെ എം മാണി ഉള്‍പ്പെട്ട കോഴിനികുതി വെട്ടിപ്പുകേസിൽ മാണിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ വിജിലൻസ് നിയമോപദേശകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത്. വിജിലൻസ് നിയമോപദേശകനായിരുന്ന പി.കെ മുരളീകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് വിജിലൻസ് സംഘം ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസിന് കത്തു ലഭിച്ചിരിക്കുന്നത്. മാണിക്കെതിരായ കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കേസ് ആദ്യം കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അന്നത്തെ നിയമോപദേശകനായ മുരളീകൃഷ്ണ വിവരങ്ങള്‍ മറച്ചുവെച്ചു. അഴിമതിക്കേസില്‍ മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോപണ വിധേയനായ മുരളീകൃഷ്ണക്ക് പുനര്‍നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശകനെതിരെ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം ഉടനുണ്ടാകും. കോഴിക്കച്ചവടക്കാര്‍ സുപ്രീം കോടതി വരെ പോയിട്ടും ഒഴിവാക്കി കിട്ടാതിരുന്ന പിഴ നികുതി, കെ. എം. മാണി സ്വന്തം നിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തി ഒഴിവാക്കി എന്നാണ് കേസ്. കോഴിക്കച്ചവടക്കാര്‍ നികുതി വെട്ടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയെത്തുടര്‍ന്ന് 65 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് മറികടന്ന് കോഴിക്കച്ചവടക്കാരെ അനധികൃതമായി സഹായിക്കുകയായിരുന്നു. വിജിലന്‍സ് രജിസറ്റര്‍ ചെയ്ത എഫ്.െഎ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളിയിരുന്നു.