കണ്ണൂരില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകം അല്ല എന്ന് പിണറായി
കണ്ണൂരില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് രാഷ്ട്രീയകൊലപാതകങ്ങള്‍ മാത്രമാണ് കണ്ണൂരില്‍ അരങ്ങേറിയത്. കണ്ണൂരിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസും ബിജെപിയുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കണ്ണൂരിലെ സംഘര്‍ഷം രൂക്ഷമാക്കാന്‍ കാരണം പയ്യന്നൂര്‍ കൊലപാതകമാണ് എന്ന് ചൂണ്ടിക്കാട്ടി. കൂടാതെ കണ്ണൂരില്‍ സമീപകാലത്ത് അരങ്ങേറിയ കൊലക്കേസുകളിലെ പ്രതികള്‍ വയനാട്, തിരുവനന്തപുരം, കാസര്‍കോട് തുടങ്ങിയ ഇതരജില്ലകളില്‍ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരത്താണ്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് കണ്ണൂര്‍. ഈ വിഷയത്തില്‍ നിഷ്പക്ഷമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി സമാധാനശ്രമങ്ങളോട് ഒരു വിഭാഗം സഹകരിക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് പോലീസ് പറഞ്ഞതെന്നും വിശദീകരിച്ചു. എന്നിരുന്നാലും കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കി. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാനയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി ഇതാദ്യമായി സമ്മതിച്ചത്. ബുധനാഴ്ച സഭയാരംഭിച്ചതിന് പിറകേയാണ് സഭ നിര്‍ത്തിവച്ച് കണ്ണൂരിലെ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയം കൊണ്ടു വന്നത്.