ക്യാന്‍സര്‍ മരുന്നുകളുടെ പേരില്‍ കേരളത്തില്‍ പകല്‍ കൊള്ള ; ഒരേ മരുന്നിന് പല ഇടങ്ങളില്‍ പല വില ; സര്‍ക്കാരും ഇടപെടുന്നില്ല
തിരുവനന്തപുരം : മറ്റു രോഗങ്ങളെ പോലെ സര്‍വ്വസാധാരണമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ക്യാന്‍സര്‍ എന്ന രോഗവും. എന്നാല്‍ രോഗത്തിന്‍റെ ചികിത്സാ രീതികളില്‍ ഇപ്പോഴും വലിയ പുരോഗമനം ഇല്ല എന്നതാണ് സത്യം.അതുപോലെ മരുന്നു കമ്പനികള്‍ക്ക് പണം തട്ടുവാനുള്ള എളുപ്പവഴികൂടിയാണ് ഈ രോഗം.കാരണം കാന്‍സര്‍ ചികില്‍സയില്‍ ഏറ്റവും വലിയ കൊള്ള നടക്കുന്നത് മരുന്നുവിലയിലാണ്.ഒരേ മരുന്നിന് തന്നെ പതിനായിരം രൂപയിലേറെ വില വ്യത്യാസത്തിലാണ് കേരളത്തില്‍ വില്‍പന നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനം വഴി ലഭ്യമാക്കുന്നത് 69 ഇനം മരുന്നുകളുണ്ടെങ്കിലും പലപ്പോഴും ഈ മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്. അര്‍ബുദരോഗത്തിനും അതുമായി ബന്ധപ്പെട്ട് ഫംഗസ് ബാധക്കുമുപയോഗിക്കുന്ന കാസ്പോഫന്‍ജിന്‍ എന്ന മരുന്നിന് ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ വില 4725. പുറത്തുനിന്നുവാങ്ങാന്‍ ജനറിക് ആണെങ്കില്‍ അയ്യായിരം രൂപയ്ക്കുപുറത്തും ബ്രാന്‍ഡഡ് ആണെങ്കില്‍ പതിനായിരം രൂപയിലേറെയും ചെലവു വരും. ഇതുപോലെയാണ് പല മരുന്നുകളുടേയും വില. ചില മരുന്നുകള്‍ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ പട്ടികയില്‍ വന്നതോടെ വില കുറഞ്ഞെങ്കിലും വില കൂടിയ പല മരുന്നുകളും ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. കേന്ദ്ര സര്‍ക്കാരിടപെടല്‍ കാര്യക്ഷമമല്ലെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാര്‍ സംവിധാനം വഴി 69 ഇനം അര്‍ബുദരോഗ മരുന്നുകള്‍ മാത്രമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതും പലപ്പോഴും ലഭിക്കാത്ത സാഹചര്യമുണ്ട്. അതേസമയം മരുന്ന് കമ്പനികളെ സഹായിക്കുവാന്‍ വില കുറഞ്ഞ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കാതിരിക്കുവാന്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും ഇതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനുവാദം ഉള്ളതായും ആരോപണങ്ങള്‍ നിലവിലുണ്ട്.