അമേരിക്കയില്‍ ഫ്ലാറ്റിലുണ്ടായ തീ പിടുത്തത്തില്‍ മലയാളി കുടുംബം അകപ്പെട്ടതായി വാര്‍ത്ത‍

1571831_63 ന്യൂജേഴ്സി : അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ ഫ്ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മലയാളികള്‍ അകപ്പെട്ടതായി വാര്‍ത്തകള്‍. അഗ്നിബാധയില്‍ ചേര്‍ത്തല സ്വദേശികളാണ് ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പട്ടണക്കാട് പുതിയകാവ് സ്കൂളിന് സമീപം ഗീതാജ്ഞലി വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ മകന്‍ ഡോ. വിനോദ് ബി. ദാമോദരന്‍ (44), ഭാര്യ ശ്രീജ (38), മകള്‍ ആര്‍ദ്ര (13) എന്നിവരാണ് അപകടത്തില്‍പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്. ഇവര്‍ താമസിച്ച ന്യൂജഴ്സി ഹില്‍സ് ബരോവ് അപ്പാര്‍ട്മെന്‍റില്‍ കഴിഞ്ഞ തിങ്കളാഴ്ച അഗ്നിബാധയുണ്ടായി ഇരുപതോളം പേര്‍ മരിച്ചിരുന്നു. മൂന്നുപേരുടേതൊഴികെ മറ്റെല്ലാവരുടെയും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. അതേസമയം, ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന ഇവര്‍ തിങ്കളാഴ്ചമുതല്‍ വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആശങ്കയിലായി. ന്യൂജഴ്സിയിലെ റട്ട്ഗേഴ്സ് സര്‍വകലാശാലയിലെ റിസര്‍ച് സയന്‍റിസ്റ്റാണ് ദാമോദരന്‍. ബന്ധുക്കള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പെട്ടത് ഇവരാണെന്ന് സൂചന ലഭിച്ചത്. എംബസി, നോര്‍ക്ക, മലയാളി അസോസിയേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് വീട്ടുകാര്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ നാട്ടില്‍ അവസാനമായി വന്നത്.